Movie News

ലോകേഷ് കനകരാജിന് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ; സിനിമാ യൂണിവേഴ്‌സിലേക്ക് മമ്മൂട്ടി ?

മയക്കുമരുന്നിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായ ആക്ഷന്‍ ത്രില്ലറുകളിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സ് ചെയ്തു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജിന്റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നടന്മാര്‍ തെന്നിന്ത്യയില്‍ വിരളമാണ്. വിജയ്, കാര്‍ത്തി, രജനീകാന്ത്, ഫഹദ് ഫാസില്‍, നരേന്‍, വിജയ് സേതുപതി ഒക്കെയാണ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ നടന്മാര്‍.

കൂലി എന്ന സിനിമയിലൂടെ രജനീകാന്തും ഇതിന്റെ ഭാഗമാകുമ്പോള്‍ എല്‍സിയുവിന്റെ ഭാഗമാകാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്. ലോകേഷിന്റെയും രജനികാന്തിന്റെയും ‘കൂലി’യുടെ ഭാഗമാകുമെന്ന് നേരത്തെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.

അതേക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് മമ്മൂട്ടി സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍: ദി കോര്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ക്കിടെ, ലോകേഷ് കനകരാജിന്റെ ‘കൂലി’യുടെ ഭാഗമാകുമോ എന്ന് മമ്മൂട്ടിയോട് ചോദ്യം ഉയര്‍ന്നിരുന്ന. ഇതിന് ‘കൂലി’യുടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ ഒരു വേഷത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നായിരുന്നു നടന്റെ പ്രതികരണം.

എന്നാല്‍ ‘കൂലി’യുടെ ടീമിന് എപ്പോള്‍ വേണമെങ്കിലും തന്നെ സമീപിക്കാമെന്നും തന്നെ എല്‍സിയുവിലേക്ക് ക്ഷണിക്കാനുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുക യാണെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം മലയാളത്തിലെ ബിഗ് ‘എമ്മു’കളായ മോഹന്‍ലാലും മമ്മൂട്ടിയും വരാനിരിക്കുന്ന ഏതെങ്കിലും പ്രോജക്ടുകളില്‍ എല്‍സിയുവിന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. രാഘവ ലോറന്‍സ് നായകനാകുന്ന ‘ബെന്‍സ്’ എന്ന പേരില്‍ എല്‍സി യുവില്‍ നിന്ന് മറ്റൊരു സിനിമ ലോകേഷ് അവതരിപ്പിച്ചു. ഒരു കാരണമുള്ള യോദ്ധാവാണ് ഏറ്റവും അപകടകാരിയായ സൈനികന്‍ എന്നായിരുന്നു ലോകേഷിന്റെ ട്വീറ്റ്.