തെന്നിന്ത്യയില്‍ അനേകം ആരാധകരുള്ള നടിമാരുടെ പട്ടികയിലാണ് അനുഷ്‌ക ഷെട്ടി. അഭിനയവും സൗന്ദര്യവും ഒരുപോലെ അനുഗ്രഹിച്ചിരിക്കുന്ന നടിക്ക് തെലുങ്കിലും തമിഴിലും കന്നഡത്തിലും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറെ താമസിയാതെ അവര്‍ മലയാള സിനിമയുടെ ഭാഗമാക്കാകും. അതേസമയം ബോളിവുഡില്‍ ഇതുവരെ സിനിമ ചെയ്തിട്ടില്ലാത്ത നടി ഒരു വമ്പന്‍ ഓഫര്‍ തള്ളി.
താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ബാഹുബലി ചെയ്യുന്ന സമയത്ത് വന്ന ഓഫര്‍, സൂപ്പര്‍ഹിറ്റുകളുടെ തമ്പുരാനായിരുന്ന സംവിധായകന്റേതായിരുന്നു സിനിമ. എന്നാല്‍ നടി ഈ വലിയ സിനിമ നിരസിച്ചു. സിനിമയില്‍ ഒരു പ്രധാന വേഷമായിരുന്നു നടിക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. സിനിമയ്ക്ക് പ്രതിഫലമായി അഞ്ച് കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നിട്ടും തിരക്കഥയുടേയും കഥാപാത്രത്തിന്റെയും അടിസ്ഥാനത്തില്‍ സിനിമകള്‍ തിരഞ്ഞെടുത്തിരുന്ന താരം ചിത്രത്തിലെ കഥാപാത്രം ഒട്ടും ആകര്‍ഷിക്കാത്ത സാഹചര്യത്തില്‍ തള്ളുകയായിരുന്നു. തന്റെ ആരാധകര്‍ തന്നെ അങ്ങനെയൊരു കഥാപാത്രത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടിക്ക് തോന്നി.
ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ് ഈ ചിത്രം അവര്‍ക്ക് വാഗ്ദാനം ചെയ്തതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം ഇതിന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സംവിധായകന്‍ കൃഷ് ജഗര്‍ലമുടിക്കൊപ്പം അനുഷ്‌ക ഷെട്ടി ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഘാട്ടി എന്നാണ് തെലുങ്ക് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.