Featured Lifestyle

പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

സുഗന്ധദ്രവ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എന്തൊക്കെയാണ് പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.

ഒരു സുഗന്ധത്തിനും ഓരോ കഥകളും ഓരോ ഓര്‍മകളും പറയാനുണ്ടാവും. ചിലതില്‍ പ്രണയവും വിരഹവും ദുഖവും ഒക്കെ നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. എന്നാല്‍ ഓര്‍മകള്‍ മാത്രമല്ല. ചിലര്‍ പ്രണയദിനത്തില്‍ പ്രണയിനിക്ക് സുഗന്ധദ്രവ്യങ്ങള്‍ സമ്മാനമായി നല്‍കുക കൂടി ചെയ്യാറുണ്ട്.

സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. വെറുതെ വാസന മാത്രമല്ല ആത്മവിശ്വാസംകൂടിയാണ് ഇവ നമുക്ക് നല്‍കുന്നത്. നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റിമറിക്കാന്‍ പോലും ഒരു സുഗന്ധത്തിനു കഴിഞ്ഞേക്കും.

സിട്രസ്, ഫ്ളോറല്‍, ഓറിയന്റല്‍, ഗ്രീന്‍എന്നിങ്ങനെ പ്രധാനമായും നാല് തരത്തിലുള്ള ഘടകങ്ങളാണ് പെര്‍ഫ്യൂമില്‍ ഉള്ളത്. പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചര്‍മ്മത്തില്‍ പെര്‍ഫ്യൂ പുരട്ടി അല്‍പ്പസമയം കഴിഞ്ഞ് അതിന്റെ സുഗന്ധം അറിഞ്ഞശേഷം വേണം ഇത് തിരഞ്ഞെടുക്കാന്‍. വരണ്ട ചര്‍മ്മമുളളവര്‍ മോയ്സ്ചറൈസറോ മറ്റോ പുരട്ടിയ ശേഷം പെര്‍ഫ്യൂം ഉപയോഗിക്കുക. എണ്ണമയമുളള ചര്‍മ്മത്തിലാണ് സുഗന്ധം കൂടുതല്‍ സമയം നിലനില്‍ക്കുക.

പൂക്കളുടെ ഗന്ധമുള്ള പെര്‍ഫ്യൂമുകള്‍ എല്ലാവര്‍ക്കും പരിചിതമാണ്. ഇവ ഏതവസരത്തിലും ഉപയോഗിക്കാവുന്നതാണ്. സിട്രെസ് വിഭാഗത്തില്‍ പെട്ടവ ഓറഞ്ച്,നാരങ്ങ, തുടങ്ങിയവയുടെ മണം പരത്തുന്നവയാണ്. ഓറിയന്റല്‍ പെര്‍ഫ്യൂമുകളില്‍ കുന്തിരിക്കം, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ഗ്രീന്‍ പെര്‍ഫ്യൂമുകള്‍ക്ക് സ്പോര്‍ട്ടി മണമാണുള്ളത് ഇവ ഔഷധ ചെടികളില്‍നിന്ന് നിര്‍മ്മിക്കുന്നവയാണ്. യാത്രയിലും വീടിനുവെളിയിലും കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ ഗ്രീന്‍ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

പെര്‍ഫ്യൂം സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്താനുള്ള ചില വഴികളിതാ….

കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെര്‍ഫ്യൂമുകള്‍ വച്ചാല്‍ അവിടത്തെ അന്തരീക്ഷ ആര്‍ദ്രതയും, ചൂടും നമ്മുടെ പെര്‍ഫ്യൂമിന്റെ സുഗന്ധം കുറയ്ക്കും.അതിനാല്‍ വാനിറ്റി ബാഗു പോലുള്ള തണുത്ത, ഉണങ്ങിയ പ്രതലങ്ങളില്‍ ഇവ സൂക്ഷിക്കുക.

മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുക. വരണ്ട ചര്‍മത്തെക്കാള്‍ കൂടുതല്‍ സ്‌പ്രേ നില നില്‍ക്കുന്നത് നനവുള്ള ചര്‍മത്തിലാണ്.

പെര്‍ഫ്യൂം കൈ കൊണ്ട് അമര്‍ത്തി തേച്ചു പിടിപ്പിക്കുന്നത് തെറ്റായ പ്രവണതയാണ്. പെര്‍ഫ്യൂമിന്റെ മുകള്‍ ഭാഗം പെട്ടെന്നു അപ്രത്യക്ഷമാകുകയും സുഗന്ധം കുറയുകയും ചെയ്യും.

ചെവിയുടെ പിന്നില്‍, കഴുത്ത്, കൈ തണ്ട, കാല്‍ മുട്ടിനു പിറകില്‍ എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്താല്‍ ദിവസം മുഴുവന്‍ സുഗന്ധം നിലനില്‍ക്കും.