Featured Lifestyle

എല്ലാ ഫോണിലും സഞ്ചാര്‍സാഥി വേണമെന്ന് കേന്ദ്രം, കാരണം ഇതാ… ആപ്പിള്‍ ഫോണുകള്‍ക്ക് ബാധകമാക്കാനാവില്ല ?

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ്‌ ‘സഞ്ചാര്‍ സാഥി’ മുന്‍കൂട്ടി ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ എല്ലാ സെല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്ര ടെലികോം മന്ത്രാലയം. ആ നിര്‍ദേശം ആപ്പിളിനെപ്പോലുള്ള കമ്പനികളുമായി തര്‍ക്കത്തിന്‌ കാരണമായേക്കാം.

ആപ്പിള്‍, സാംസങ്‌, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ കമ്പനികളും ഈ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരും. ഉത്തരവ്‌ പ്രകാരം, പ്രധാന സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക്‌ 90 ദിവസത്തിനുള്ളില്‍ അവരുടെ പുതിയ മൊബൈല്‍ ഫോണുകളില്‍ ‘സഞ്ചാര്‍ സാഥി’ ആപ്പ്‌ മുന്‍കൂട്ടി ഇന്‍സ്‌റ്റാള്‍ ചെയ്യണം. ഇത്‌ ഉപയോക്‌താക്കള്‍ക്ക്‌ നിഷ്‌ക്രിയമാക്കാന്‍ കഴിയില്ല. ഇതിനോടകം വിതരണ ശൃംഖലയിലുള്ള ഉപകരണങ്ങളില്‍ സോഫ്‌റ്റ്‌വേര്‍ അപ്‌ഡേറ്റുകള്‍ വഴി ആപ്പ്‌ എത്തിക്കാനും നിര്‍മ്മാതാക്കള്‍ക്ക്‌ നിര്‍ദേശമുണ്ട്‌. അത്തരം നിര്‍ദേശങ്ങള്‍ ആപ്പിള്‍ പോലുള്ള കമ്പനികളുടെ നയത്തിന്‌ എതിരാണ്‌.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വിപണികളില്‍ ഒന്നാണ്. ആപ്പിള്‍ അവരുടെ സ്വന്തം ആപ്പുകള്‍ ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ടെങ്കിലും, ഏതെങ്കിലും സര്‍ക്കാര്‍ അല്ലെങ്കില്‍ മൂന്നാം കക്ഷി ആപ്പ് വില്‍പനയ്ക്ക് മുമ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അവരുടെ നയങ്ങള്‍ക്ക് വിരുദ്ധമാണ്.

സൈബര്‍ സുരക്ഷയ്ക്ക് ഈ ആപ്പ് അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. തട്ടിപ്പുകളും നെറ്റ്‌വര്‍ക്ക് ദുരുപയോഗവും തടയാന്‍ ‘സഞ്ചാര്‍ സാഥി’ സഹായിക്കുമത്രേ. ഓരോ ഹാന്‍ഡ്‌സെറ്റിനും ഒരു രാജ്യാന്തര മൊബൈല്‍ ഉപകരണ ഐഡന്റിറ്റി (ഐഎംഇഐ) നമ്പറുണ്ട്. ഇത് സാധാരണയായി മോഷ്ടിക്കപ്പെട്ട ഫോണുകളുടെ നെറ്റ്‌വര്‍ക്ക് ആക്‌സസ് വിച്‌ഛേദിക്കാന്‍ ഉപയോഗിക്കുന്നു.

സഞ്ചാര്‍ സാഥി ആപ്പ് ഉപയോക്താക്കളെ സംശയാസ്പദമായ കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഐഎംഇഐ നമ്പറുകള്‍ പരിശോധിക്കാനും കേന്ദ്ര രജിസ്റ്ററി വഴി മോഷ്ടിക്കപ്പെട്ട ഉപകരണങ്ങള്‍ തടയാനും അനുവദിക്കുന്നു. രണ്ടര ലക്ഷത്തോളം ഡൗണ്‍ലോഡുകള്‍ ഇതിനോടകം ലഭിച്ച ഈ ആപ്പ് 37 ലക്ഷം മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സഹായിച്ചു എന്നാണു സര്‍ക്കാര്‍ വാദം. കൂടാതെ തെറ്റായ കണക്ഷനുകള്‍ തടയാനും സഹായിച്ചു.