ഈ സീസണ്‍ അവസാനത്തോടെ ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ലീഗും തന്റെ അറേബ്യന്‍ ക്ലബ്ബ് അല്‍ നസറും വിടുമെന്ന് ഊഹാപോഹം. ചൊവ്വാഴ്ച താരം എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് ഈ ഊഹാപോഹത്തിന് തീ പിടിപ്പിച്ചിരിക്കുന്നത്. ”ഈ അധ്യായം അവസാനിച്ചു. കഥ? ഇപ്പോഴും എഴുതുന്നു. എല്ലാവര്‍ക്കും നന്ദി.” റൊണാള്‍ഡോ എക്സില്‍ കുറിച്ചു.
വിടവാങ്ങല്‍ പ്രഖ്യാപിക്കുന്ന സന്ദേശമായിട്ടാണ് ഇതിനെ ആരാധകരും പണ്ഡിറ്റുകളും വ്യാഖ്യാനിക്കുന്നത്. ഒരാഴ്ച മുമ്പാണ് അല്‍-നാസറില്‍ ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നുവെന്നും ഒരു ‘ഭൂകമ്പം’ ഉണ്ടാകാമെന്നും സ്പാനിഷ് ഔട്ട്ലെറ്റ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തത്. 2023-ല്‍ സൗദി അറേബ്യന്‍ ക്ലബില്‍ എത്തിയ 39-കാരന്‍, ഇടപാടില്‍ നിന്ന് പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ വരെ സമ്പാദിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അല്‍നസറുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ ജൂണ്‍ 30-ന് അവസാനിക്കും. ഇരു കക്ഷികളും ഇതുവരെ പുതിയ കരാറില്‍ എത്തിയിട്ടില്ല. ക്രിസ്ത്യാനോ വന്നിട്ടും അല്‍-നാസറിന്റെ ട്രോഫിരഹിത പ്രതിസന്ധി തുടരുകയായിരുന്നു. അല്‍-ഫത്തേയ്ക്കെതിരായ മറ്റൊരു നിരാശാജനകമായ തോല്‍വിയോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗും പിടിയില്‍ നിന്ന് വഴുതിപ്പോയിരുന്നു. ഇതോടെ ക്ലബ്ബില്‍ റൊണാള്‍ഡോയുടെ അന്ത്യം അടുത്തതായിട്ടാണ് പലരും വിലയിരുത്തിയത്. കളിയുടെ 41-ാം മിനിറ്റില്‍ 39-കാരന്‍ ഒരു കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയെങ്കിലും അല്‍-നാസര്‍ ഒടുവില്‍ 3-2 എന്ന മാര്‍ജിനില്‍ ഗെയിം പരാജയപ്പെട്ടു. ഈ തോല്‍വിക്ക് പിന്നാലെ അല്‍ നസര്‍ ഫിഫ ലോകകപ്പിലേക്കും യോഗ്യത നേടാതെ പോയി.
അതേസമയം ടീം മുമ്പോട്ട് പോയില്ലെങ്കിലും റൊണാള്‍ഡോ മിന്നുന്ന പ്രകടനം തന്നെ കാഴ്ചവെച്ചു. അല്‍ നസറിനായി 104 മത്സരങ്ങളില്‍ നിന്ന് 92 ഗോളുകള്‍ നേടി. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്റെ രണ്ടാമത്തെ സൗദി പ്രോ ലീഗ് ഗോള്‍ഡന്‍ ബൂട്ടും അദ്ദേഹം നേടിയിരുന്നു. അതേസമയം, പേര് വെളിപ്പെടുത്താത്ത ഒരു ബ്രസീലിയന്‍ ക്ലബ് റൊണാള്‍ഡോയുടെ ക്യാമ്പിലേക്ക് ഒരു ‘മേജര്‍ ഓഫര്‍’ അയച്ചതായി റിപ്പോര്‍ട്ടുണ്ട്.
പാല്‍മിറാസ്, ബോട്ടാഫോഗോ, ഫളെമെംഗോ, ഫ്‌ളുമിനെന്‍സ് എന്നിവയില്‍ ഏതെങ്കിലുമാകാം എന്നാണ് പുറത്തുവരുന്ന വിവരം. ഈ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍, അത് പുതിയ ക്ലബ് ലോകകപ്പില്‍ ഒരു സ്ഥാനത്തിനുള്ള വാതിലുകള്‍ തുറക്കും. സ്‌പോര്‍ട്ടിംഗ് ലിസ്ബണില്‍ പോര്‍ച്ചുഗീസ് താരത്തിന് തന്റെ വേരുകളിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. 2003ല്‍ റൊണാള്‍ഡോ സ്പോര്‍ട്ടിംഗ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയിരുന്നു.