Crime

ഓൺലൈൻ സംഭാവനയിലൂടെ പണമുണ്ടാക്കാൻ ഒരു വയസ്സുള്ള മകൾക്ക് വിഷം നൽകി ഓസ്ട്രേലിയൻ ഇൻഫ്ലുവൻസർ

പണത്തിനുവേണ്ടി എന്ത്‌ ചെയ്യാൻ ആളുകൾക്ക് മടിയില്ലാത്ത ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. സമൂഹ മാധ്യമങ്ങൾ തന്നെ ആണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. സോഷ്യൽ മീഡിയ വഴി ലൈക്കുകൾ വാരിക്കൂട്ടിയും ആരാധകരെ സമ്പാദിച്ചും എങ്ങനെ പണം ഉണ്ടാക്കാം എന്ന ചിന്തയിലാണ് പലരും. അതിനായി സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും പണയപെടുത്തി എന്ത് അഭ്യാസത്തിനും മുതിരാൻ ആളുകൾ തയ്യാറാണ്. ഇത്തരം വഴികളിലൂടെ പണം സമ്പാദിക്കുന്ന നിരവധി ഇൻഫ്ലുൻസർമാരെ കുറിച്ച് നാം ഇതിനോടകം ചർച്ച ചെയ്തിട്ടുണ്ട്. എങ്കിലും പണം സമ്പാദിക്കാൻ സ്വന്തം കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കാൻ ശ്രമിക്കുന്ന ആളുകളെ കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. ഏതായാലും മനുഷ്യമനസാക്ഷിയെ വെല്ലുന്ന അത്തരം ഒരു സംഭവമാണ് അങ്ങ് ഓസ്ട്രേലിയയിൽ നിന്നും പുറത്തുവരുന്നത്.

ഓൺലൈൻ സാമ്പത്തിക സംഭാവനകൾ വഴി പണമുണ്ടാക്കാനും അനുയായികളെ കൂട്ടാനും തൻ്റെ ഒരു വയസു മാത്രമുള്ള കുഞ്ഞിന് വിഷം നൽകിയിരിക്കുകയാണ് ഈ ഓസ്ട്രേലിയൻ ഇൻഫ്ലുൻസർ. സംഭവം പുറത്തറിഞ്ഞതോടെ 34 കാരിയായ ഓസ്‌ട്രേലിയൻ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അധികാരികൾ പറയുന്നതനുസരിച്ച്, ക്വീൻസ്‌ലാന്റ് സ്വദേശിയായ സ്ത്രീയാണ് തൻ്റെ കുഞ്ഞിന് ആരോഗ്യപ്രശ്‌നമുണ്ടാക്കാൻ അനധികൃത മരുന്നുകൾ ഉപയോഗിച്ചത്. തുടർന്ന് ഇവർ ഓൺലൈനിൽ ഫണ്ട് അഭ്യർത്ഥിക്കാൻ കുഞ്ഞിൻ്റെ വേദനാജനകമായ നിമിഷങ്ങൾ ഫോട്ടോയെടുക്കുകയും ചിത്രീകരിക്കുകയും ചെയ്തു.

തുടർച്ചയായ മരുന്നുകൾ കുട്ടിയിൽ ഗുരുതരമായ രോഗങ്ങളുടെ പരമ്പരകൾ തന്നെ സൃഷ്ടിച്ചു. തുടർന്ന് ഒക്ടോബറിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർമാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അന്വേഷണത്തിന് ശേഷം യുവതിക്കെതിരെ പീഡനം, വിഷം നൽകൽ, കുട്ടികളെ ചൂഷണം ചെയ്യൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.

മറ്റുള്ളവർക്ക് വേണ്ടിയുള്ള കുറിപ്പടിയിൽ ബാക്കിയുള്ള മരുന്നുകൾ യുവതി വാങ്ങി തൻ്റെ കുട്ടിക്കായി ഉപയോഗിച്ചതായി ഡിറ്റക്ടീവ് ഇൻസ്പെക്ടർ പോൾ ഡാൽട്ടൺ പറഞ്ഞു. സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് വർദ്ധിപ്പിക്കാനും അത് നേടാനുമാണ് യുവതി തൻ്റെ കുട്ടിക്ക് ഈ മരുന്നുകൾ നൽകിയതെന്നാണ് അദ്ദേഹം വെളുപ്പെടുത്തിയത്.

“അറസ്റ്റിലായ യുവതി അവളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ മരുന്നുകൾ കുഞ്ഞിന് നൽകിയതെന്നാണ് ഞങ്ങളുടെ നിഗമനം,” ഡാൽട്ടൻ പറഞ്ഞതായി എബിസി ന്യൂസ് റിപ്പോർട്ട്‌ ചെയ്തു.

തൻ്റെ കുട്ടിക്ക് മാരകമായ അസുഖമുണ്ടെന്ന് അവകാശപ്പെട്ട് സ്ത്രീ ഇതിനോടകം AUD 60,000 ($37,300 USD) സമാഹരിച്ചതായിട്ടാണ് റിപ്പോർട്ട്‌. യുവതിയെ വെള്ളിയാഴ്ച ബ്രിസ്‌ബേൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

അതേസമയം കുട്ടി ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ അമ്മയുടെ സംരക്ഷണയിലല്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ആശുപത്രി ജീവനക്കാർ ഉചിതമായി പെരുമാറിയെന്നും കേസിനോട് സഹകരിച്ചെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *