ഒരുപാട് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ പാനീയമാണ് ഗ്രീന്‍ ടീ. ഇത് സീറോ കാലറി ആയതിനാല്‍ തന്നെ ഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനും കൊഴുപ്പിനെ കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ കഴിവിനെ വര്‍ധിപ്പിക്കും. ഭക്ഷണത്തിനോടുള്ള ആസക്തികുറയ്ക്കാനും വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുന്നതിനും ഇത് നല്ലതാണ്.
ഇതിലടങ്ങിയിരിക്കുന്ന ആന്റി ഒക്‌സിഡന്റാണ് കറ്റേച്ചിനുകള്‍. ഇവ ചീത്ത കോളസ്‌ട്രോളിനെ കുറച്ച്, ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ തടയുന്നു. ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഗ്രീന്‍ ടീയിലെ ഫ്‌ളേവനോയ്ഡുകള്‍ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിപ്പിച്ച് രക്തചംക്രമണം മെച്ചപ്പെടുത്താനായി സഹായിക്കും. ഇതിലെ പലി ഫിനോളുകള്‍ ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുന്നു. ദിവസവും രാവിലെ ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കുമെന്ന് പഠനം തെളിയിക്കുന്നു.
ഗ്രീന്‍ ടീ തിളക്കമുള്ള ചര്‍മം നല്‍കാനും സഹായിക്കും. എന്നാല്‍ നല്ല ഗുണം ലഭിക്കുന്നതിനായി ഈ ഗ്രീന്‍ ടീ കുടിക്കേണ്ട രീതിയുണ്ട്. ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ ഒഴിവാക്കേണ്ട തെറ്റുകളെ കുറിച്ച് ഡയറ്റീഷ്യനായ ശിഖ കുമാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.
ഗ്രീന്‍ ടീയില്‍ ടാനിനുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ വയറ്റിലെ അസിഡിറ്റി വര്‍ധിപ്പിക്കും. അസ്വസ്ഥതയും ഓക്കാനവും ഉണ്ടായേക്കാം. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കുന്നത് നല്ലതാണ്. അമിതമായാല്‍ ഗ്രീന്‍ ടീയും പ്രശ്‌നമാണ്. അമിതമായി ഗ്രീന്‍ ടീ കുടിച്ചാല്‍ ഉറക്കമില്ലായ്മ, ഉത്കണ്ഠ, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ദിവസവും 2-3 കപ്പായി പരിമിതപ്പെടുത്തണം.
ഗ്രീന്‍ ടീയില്‍ കഫീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉറക്കസമയത്തിനോടടുത്ത് കഴിച്ചാല്‍ ഉറക്കചക്രത്തെ തടസ്സപ്പെടുത്തും. ഉറങ്ങാന്‍ പോകുന്നതിനും 2-3 മണിക്കൂര്‍ മുമ്പുള്ള സമയത്ത് ഗ്രീന്‍ ടീ കുടിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിച്ചതിന് തൊട്ട് പിന്നാലെയും ഗ്രീന്‍ ടീ കുടിക്കരുത്. ഭക്ഷണത്തില്‍ നിന്നുള്ള ഇരുമ്പ് ആഗിരണം തടസ്സപ്പെടുത്തും.
ഗ്രീന്‍ ടീ തിളച്ച വെള്ളത്തില്‍ നേരിട്ട് ഇടരുത്. തിളച്ച വെള്ളം ഉപയോഗിക്കുന്നതിലൂടെ ഗ്രീന്‍ ടീയിലെ ഗുണകരമായ സംയുക്തങ്ങളെ നശിപ്പിക്കുന്നു. കയ്‌പേറിയ രുചിയും ഉണ്ടാക്കുന്നു. വെള്ളം ആദ്യം തിളപ്പിച്ചശേഷം അതിന്റെ താപനില 80-85 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ത്തി ഗ്രീൻ ടീ ഉണ്ടാക്കുന്നതാണ് നല്ലത്.
ആന്റി ഡിപ്രസന്റുകള്‍ , രക്തസമ്മര്‍ദ്ദ മരുന്നുകള്‍ എന്നിവയുള്‍പ്പടെയുള്ള ചില മരുന്നുകളുമായി ഗ്രീന്‍ ടീ പ്രതിപ്രവര്‍ത്തിക്കാനായി സാധ്യതയുണ്ട്. അങ്ങനെയുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ ഗ്രീന്‍ ടീ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കണം.
ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞ ഗ്രീന്‍ ബാഗുകള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ ചായയ്ക്ക് പുതുമയോ സ്വാദോ ഉണ്ടാകില്ല. ഗ്രീന്‍ ടീയുടെ ഗുണങ്ങളും ഇതില്‍ നിന്നും ലഭിക്കില്ല.