Oddly News

ഭാര്യയുടെ ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യണം: ഭർത്താവിന് ഭാര്യവീട്ടുകാരുടെ ക്രൂര മർദനം

സോനിപത്: ഭാര്യയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുടെ വീട്ടുകാർ 25-കാരനായ കുനാൽ എന്ന യുവാവിനെ വഴിയില്‍ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. ഹരിയാനയിലാണ് സംഭവം.

മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇയാളുടെ കൈകൾക്കും കാലുകൾക്കും മുറിവും ഒടിവുണ്ടായി. കുനാൽ, തന്റെ കാമുകിയായ കോമൾ ഗോസ്വാമിയെ അവളുടെ വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി 2024 ജൂൺ 26-നാണ് വിവാഹം ചെയ്തത്. എന്നാൽ, വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം കോമൾ കുനാലിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുപോയിരുന്നു.

എന്നാല്‍ കുനാല്‍ പറയുന്നത്- ഞങ്ങളുടെ വിവാഹശേഷം കോമളിന്റെ മാതാപിതാക്കള്‍ എന്നോട് വഴക്കിട്ടു. കോമളിന്റെ മുത്തശ്ശിക്ക് വയ്യാതെയാണ് എന്ന് പറഞ്ഞ് അവർ കോമളിനെ തിരികെ വിളിച്ചുവെന്നാണ്.

കോമൾ കുനാലിനെതിരെ ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്യുകയും പ്രതിമാസം 30,000 രൂപ ജീവനാംശം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുനാലിന്റെ പ്രതിമാസ ശമ്പളം 12,000 രൂപ മാത്രമാണ്. താമസിയാതെ, കോമളിന്റെ വീട്ടുകാർ ഉത്തർപ്രദേശിലെ ഷാംലിയിലുള്ള മറ്റൊരാളുമായി അവളുടെ വിവാഹം നിശ്ചയിച്ചുവത്രേ. കോമളിന്റെ പുതിയ ഭർതൃവീട്ടുകാർ, കുനാലുമായുള്ള ആദ്യ വിവാഹചിത്രങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. തുടര്‍ന്നാണ് കുനാലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് കോമളിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതും ആക്രമിച്ചതും.

വിവാഹചിത്രങ്ങളുടെ പേരിൽ ആക്രമണം

സെപ്റ്റംബർ 24-ന് കുനാലും അച്ഛനും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്കിലെത്തിയ സംഘം ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.”എൻ്റെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ കോമളിന്റെ അച്ഛൻ എന്നോട് ആവശ്യപ്പെട്ടു. വിവാഹബന്ധം വേർപെടുത്താതെ കോമളിനെ എങ്ങനെ മറ്റൊരാൾക്ക് വിവാഹം കഴിപ്പിച്ചു എന്ന് ഞാൻ ചോദിച്ചു,” കുനാൽ പറഞ്ഞു. നിയമപരമായി കുനാലും കോമളും ഇപ്പോഴും ഭാര്യാഭർത്താക്കന്മാരാണ്.

കേസ് കോടതിയുടെ പരിഗണനയിലാണ്, അടുത്ത വാദം ഒക്ടോബർ 25-നാണ്. “മൂന്നോ നാലോ പേർ എന്നെ വടികൊണ്ട് അടിച്ചു. കോമളിൻ്റെ അച്ഛൻ സതീഷും അമ്മാവൻ രാകേഷും കാഴ്ചക്കാരായി നിൽക്കുമ്പോൾ ഒരാൾ മൊബൈലിൽ സംഭവം റെക്കോർഡ് ചെയ്യുകയായിരുന്നു,” കുനാൽ പറഞ്ഞു. കുനാലിന്റെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് കോമളിന്റെ അച്ഛൻ, അമ്മാവൻ, മറ്റ് പ്രതികൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.