Sports

ലോകത്തൊരു കളിക്കാരമില്ലാത്ത നേട്ടം, ഹിറ്റ്‌മാന്റെ ബാറ്റില്‍നിന്നു പറന്നത് 650 സിക്‌സറുകള്‍ – വീഡിയോ

വഡോദര: ലോകത്തിലെ മറ്റൊരു കളിക്കാരനും ഇതുവരെ നേടിയിട്ടില്ലാത്ത മഹത്തായ ഒരു നാഴികക്കല്ല്. രാജ്യാന്തര ക്രിക്കറ്റില്‍ 650 സിക്‌സറുകളടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത്‌ ശര്‍മയ്‌ക്കു സ്വന്തം. വഡോദരയിലെ കോടാംബി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെയാണ്‌ രോഹിത്‌ സിക്‌സറില്‍ റെക്കോഡിട്ടത്‌.

കെയ്‌ല്‍ ജാമിസണ്‍ എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്ത്‌ രോഹിത്‌ നിലംതൊടാതെ അതിര്‍ത്തി കടത്തിയതോടെയാണു സിക്‌സറില്‍ 650 കടന്നത്‌. മൂന്ന്‌ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോഡും രോഹിതിനു സ്വന്തമാണ്‌. ടെസ്‌റ്റില്‍ 67 മത്സരങ്ങളിലായി 88 സിക്‌സറുകളും 159 ട്വന്റി20 കളിലായി 205 സിക്‌സറുകളും ഹിറ്റ്‌മാന്റെ ബാറ്റില്‍നിന്നു പറന്നു.

ഈ രണ്ട്‌ ഫോര്‍മാറ്റുകളില്‍നിന്നു രോഹിത്‌ വിരമിച്ചിരുന്നു. 280 ഏകദിനങ്ങളിലായി 357 സിക്‌സറുകളാണു പറത്തിയത്‌. രാജ്യാന്തര ക്രിക്കറ്റില്‍ 553 സിക്‌സറുകളടിച്ച വെസ്‌റ്റിന്‍ഡീസിന്റെ മുന്‍ താരം ക്രിസ്‌ ഗെയ്‌ലാണു പട്ടികയില്‍ രണ്ടാമത്‌. പാകിസ്‌താന്റെ മുന്‍ താരം ഷാഹിദ്‌ അഫ്രീഡി 476 സിക്‌സറുകളുമായി മൂന്നാമതാണ്‌. ന്യൂസിലന്‍ഡിന്റെ മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം (398), ഇംഗ്ലണ്ടിന്റെ ജോസ്‌ ബട്ട്‌ലര്‍ (387), ന്യൂസിലന്‍ഡിന്റെ മുന്‍ താരം മാര്‍ട്ടിന്‍ ഗുപ്‌ടില്‍ (383) എന്നിവരാണു മുന്‍നിരയിലുള്ളത്‌. രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്‌ അല്ലാതെ ആരും 600 സിക്‌സറുകളടിച്ചിട്ടില്ല.