യുഎസിലെ ടെന്നസിയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നടന്ന ഒരു മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടത്താനായി പെട്രോൾ സ്റ്റേഷനിലെ ക്യാഷറുടെ ശ്രദ്ധ തിരിക്കാൻ മോഷ്ടാക്കൾ പെരുമ്പാമ്പുകളെ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, ഒരുസ്ത്രീ ഉൾപ്പെടെ നാല് പേരാണ് പെട്രോൾ സ്റ്റേഷനിൽ പ്രവേശിച്ചത്. തുടർന്ന് സ്ത്രീ കാഷ്യറുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഒരാൾ കൗണ്ടറിൽ ഒരു പെരുമ്പാമ്പിനെ എടുത്ത് കാണിക്കുന്നു. വിചിത്രമായ കാഴ്ച്ച കണ്ട് കാഷ്യർ തന്റെ മൊബൈൽ എടുക്കാൻ ശ്രമിച്ചപ്പോൾ സ്ത്രീ അത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നു.
തുടർന്ന് മറ്റൊരാൾ രണ്ടാമത്തെ പെരുമ്പാമ്പിനെ കൗണ്ടറിനു മുകളിലൂടെ എടുത്തു വയ്ക്കുന്നു. ഇതോടെ വീഡിയോ അവസാനിക്കുന്നു.
ജീവനക്കാരുടെ ശ്രദ്ധ തിരിച്ചാണ് മോഷ്ടാക്കൾ മോഷണം സുഗമമാക്കിയത് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. എന്നാൽ മോഷ്ടിച്ച കൃത്യമായ വസ്തുക്കളും പ്രതികളുടെ ഐഡന്റിറ്റിയെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മാഡിസൺ കൗണ്ടി ഷെരീഫിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, പെരുമ്പാമ്പുകളുമായെത്തിയ സംഘം ഏകദേശം 400 ഡോളർ വിലയുള്ള സിബിഡി ഓയിൽ മോഷ്ടിച്ചു എന്നാണ്. ഈ സമയം താനും സഹോദരനും കടയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും പാമ്പുകളെ തനിക്ക് ഭയമായിരുന്നുവെന്നും ജീവനക്കാരനായ മയൂർ റാവൽ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.
“പാമ്പിനെ അശ്രദ്ധമായി പിടിച്ചുകൊണ്ടു അവർ കൗണ്ടറിൽകൊണ്ട് വയ്ക്കുകയായിരുന്നു,” റാവൽ WREG-TV ന്യൂസിനോട് പറഞ്ഞു. “ആദ്യം ഒരാൾ ഒരു പാമ്പിനെ കൊണ്ടുവന്നു, അതിനുശേഷം മറ്റൊരാൾ മറ്റൊരു പാമ്പിനെ കൊണ്ടുവന്നു. ഒരു പാമ്പിനു വെളുപ്പ് നിറവും മറ്റൊരു പാമ്പിനു തവിട്ട് നിറവും ആയിരുന്നു” റാവൽ വ്യക്തമാക്കി.
പാമ്പിനെ കാണിച്ച് ശ്രദ്ധ തിരിച്ച സംഘം കൗണ്ടറിൽ നിന്ന് സിബിഡി ഓയിൽ പിടിച്ചെടുക്കുകയായിരുന്നു. അതിലും കൂടുതൽ എടുക്കാൻ അവർ ശ്രമിച്ചുവെങ്കിലും ധാരാളം ഉപഭോക്താക്കൾ ഷോപ്പിൽ ഉണ്ടായിരുന്നതിനാൽ അവർക്കതിനു കഴിഞ്ഞില്ല.
മോഷണം എളുപ്പമാക്കാൻ ഷോപ്പിന്റെ വാതിൽക്കലാണ് സംഘം കാർ പാർക്ക് ചെയ്തിരുന്നത്. പാമ്പിനെ ഉപയോഗിച്ച് സ്റ്റോർ മുഴുവൻ കൊള്ളയടിക്കാനാണ് അവർ പദ്ധതിയിട്ടതെന്നും റാവൽ വ്യക്തമാക്കി.