മഥുര, വൃന്ദാവൻ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ വികൃതി കുരങ്ങുകളുടെ ഭീഷണി പലപ്പോഴും വാര്‍ത്തയാകാറുണ്ട്. വ്യക്തികളിൽ നിന്ന് വിലപിടിപ്പുള്ള സ്വകാര്യ വസ്തുക്കൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ വികൃതി. പലപ്പോഴും മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാൻ പകരം എന്തെങ്കിലും ആവശ്യപ്പെടും. പഴയ ബാർട്ടർ സമ്പ്രദായം പോലെ.
അടുത്തിടെ, വൃന്ദാവനിലെ ഒരു കുരങ്ങൻ നടത്തിയ ഒരു ‘ബാര്‍ട്ടര്‍ കച്ചവട’ വീഡിയോ സംസാരവിഷയമായി. വികൃതിക്കുരങ്ങന്‍ വിലയേറിയ സാംസങ് എസ് 25 അൾട്രാ സ്മാർട്ട്ഫോൺ അടിച്ചു മാറ്റി, അതും ഒരു പായ്ക്കറ്റ് മാംഗോ ജ്യൂസിനുവേണ്ടി. നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
കാർത്തിക് റാത്തൗഡ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ ഒരു കുരങ്ങൻ സാംസങ് എസ് 25 അൾട്രാ ഫോൺ മുറുകെ പിടിച്ചുകൊണ്ട് ഒരു ബാൽക്കണിയിൽ ഇരിക്കുന്നതാണ് കാണുന്നത്.
ഈ സമയം താഴെ, മൂന്ന് പുരുഷന്മാർ കുരങ്ങൻ താഴെ ഇറങ്ങാൻ നോക്കിനിൽക്കുന്നത് കാണാം. തുടർന്ന് പുരുഷന്മാരിൽ ഒരാൾ കുരങ്ങിനടുത്തേക്ക് ഒന്നിലധികം ഫ്രൂട്ടി പായ്ക്കുകൾ വലിച്ചെറിയുന്നു, പക്ഷേ കുരങ്ങന് മതിപ്പുളവാക്കുന്നില്ല. ഒടുവിൽ, ഒരു പായ്ക്ക് ശരിയായ നിലയിൽ കുരങ്ങിന്റെ കൈകളിലെത്തുന്നു . ഇതോടെ ജ്യൂസ് കൈക്കലാക്കി ഫോൺ താഴേക്ക് എറിയുകയും, ഒരു യുവാവ് അത് പിടിക്കുകയും ചെയ്യുന്നു.
വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഫോണുകൾ, കണ്ണടകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് ഭക്ഷണത്തിന് പകരം അവ തിരികെ നൽകുന്ന ഒരു തന്ത്രം കുരങ്ങുകൾ സ്ഥിരം പരിപാടിയാണെന്ന് പലരും ചൂണ്ടിക്കാട്ടി .