Lifestyle

വിരലുകള്‍ സുന്ദരമാക്കണോ… ഇതാ ചില മാര്‍ഗങ്ങള്‍

മുഖവും മുടിയുമൊക്കെ സുന്ദരമായി വെയ്ക്കുമെങ്കിലും കൈയും വിരലുകളും പെണ്‍കുട്ടികളില്‍ പലരും വലിയ ശ്രദ്ധ കൊടുക്കാറില്ല. എന്നാല്‍ അറിഞ്ഞോളൂ ഒരു പെണ്‍കുട്ടിയെ ശ്രദ്ധിക്കുമ്പോള്‍ മറ്റുള്ളവര്‍ പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ പെട്ടെന്ന് കൈവിരലുകളും കാല്‍ വിരലുകളും ശ്രദ്ധിക്കും. അതെന്തുമാകട്ടെ, നിങ്ങളുടെ കൈകളും നഖവുമൊക്കെ സുന്ദരമായി വയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

നമ്മള്‍ ശരീരം സദാ വൃത്തിയായി സൂക്ഷിക്കാറുണ്ടെങ്കിലും നഖങ്ങളുടെ കാര്യത്തില്‍ ഈ ശ്രദ്ധ പലപ്പോഴും കാണാറില്ല. വിരലുകളുടേയും നഖങ്ങളുടേയും ആരോഗ്യവും അഴകും നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. കടുത്ത സൂര്യപ്രകാശത്തില്‍ നിന്നു ശരീരത്തിന് സംരക്ഷണം വേണമെന്നതു പോലെ കൈവിരലുകള്‍ക്കും നഖങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണ്. നഖങ്ങള്‍ക്കും ഒരു സണ്‍സ്‌ക്രീനില്‍ ലോഷന്‍ നല്‍കണം. വിരലുകളില്‍ മൊത്തത്തില്‍ ഇത് പുരട്ടാവുന്നതാണ്.

ക്ലോറിനും ഉപ്പുവെള്ളവും നിങ്ങളുടെ കൈയുടെ സൗന്ദര്യത്തെ നശിപ്പിക്കും. ഹാന്‍ഡ് ക്രീം പുരട്ടുകയാണു പരിഹാരമാര്‍ഗം. കൈയുടെ വരള്‍ച്ച നഖങ്ങളെയും ബാധിക്കും. ഇതു നഖങ്ങള്‍ പൊട്ടാനും നഖത്തോടു ചേര്‍ന്നുള്ള ചര്‍മ്മം ഇളകാനും ഇടയാക്കുന്നു. അതുകൊണ്ടു നഖങ്ങളില്‍ ഒരു മൊയ്‌സ്ചറൈസര്‍ പുരട്ടാവുന്നതാണ്. നെയില്‍ പോളിഷ് റിമൂവറില്‍ അസറ്റോണ്‍ എന്ന ഘടകം കൂടുതലായി കലര്‍ന്നിരിക്കരുത്. അസറ്റോണിന്റെ അളവു കുറഞ്ഞ പോളിഷ് റിമൂവറാണ് ഉത്തമം. നഖത്തിനു നിറം നല്‍കുന്നത് ഇഷ്ടമില്ലാത്തവര്‍ സുതാര്യമായ നെയില്‍ പോളിഷ് ഇടുക.

വിരലുകള്‍ ആദ്യം അഴുക്കുകളൊക്കെ കളഞ്ഞ് വൃത്തിയാക്കി വെയ്ക്കുക എന്നതു തന്നെ പ്രധാനം. നഖം വളര്‍ത്തുന്നവര്‍ നല്ല ഷേയ്പ്പില്‍ വെട്ടുക, വളര്‍ത്താന്‍ ആഗ്രഹമില്ലാത്തവരും നന്നായി വെട്ടി വെയ്ക്കുക. എന്നും രാത്രി കിടക്കും മുന്‍പ് ഗ്ലിസറിന്‍, റോസ് വാട്ടര്‍ എന്നിവ യോജിപ്പിച്ച് മിശ്രിതം കൈയില്‍ തേച്ച് പിടിപ്പിക്കുക. ഇത് കൈകള്‍ സ്മൂത്ത് ആയിരിക്കാന്‍ സഹായിക്കും.

കൈ പരുക്കന്‍ ആണെങ്കില്‍ പെട്രോളിയം ജെല്ലിയും കാര്‍ബോളികും ചേര്‍ത്ത് എന്നും കൈയ്യില്‍ പുരട്ടുക. കയ്യുടെ ഭംഗി പോലെ തന്നെ കാലുകള്‍ക്കും പരിചരണം നല്‍കണം. ആഴ്ചയില്‍ രണ്ടു ദിവസം ചെറുചൂടു വെള്ളത്തില്‍ 20 മിനിറ്റ് കാലുകള്‍ മുക്കി ഇരിക്കുക.