സെലിബ്രിറ്റികളുടെ മുടി പോലയുള്ള സില്‍ക്കി ഹെയര്‍ ആഗ്രഹിയ്ക്കാത്തവരായി ആരും തന്നെ ഇല്ല എന്ന് പറയാം. എത്ര ഷാംപൂ ഉപയോഗിച്ചാലും ചിലരുടെ മുടിയ്ക്ക് അത്രയ്ക്ക് ഫിനിഷിംഗ് ലഭിയ്ക്കണമെന്നുമില്ല. എന്നാല്‍ വീട്ടില്‍ തന്നെ ഈ ഒരു പെര്‍ഫെക്ഷന്‍ ലഭിച്ചാലോ ?. വീട്ടില്‍ കിട്ടുന്ന സാധനങ്ങള്‍ കൊണ്ട് തന്നെ നമ്മുടെ മുടി ഭംഗിയായി നമുക്ക് സ്മൂത്ത് ആക്കാം….
കറ്റാര്‍വാഴ – ചര്‍മത്തിനും മുടിക്കുമെല്ലാം മികച്ച പോംവഴിയാണ് കറ്റാര്‍വാഴ. വൈറ്റമിനുകളുടെ ഉറവിടമായ ഇത് മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം സഹായിക്കുന്നു. മുടി സോഫ്റ്റാക്കി മാറ്റുന്നതിനും അതുപോലെ, മുടിക്ക് നല്ല കരുത്ത് കിട്ടുന്നതിനും ഇത് മികച്ചതാണ്.
തേങ്ങാപ്പാല്‍ – മുടിയുടെ ആരോഗ്യത്തിന് മികച്ച ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലിന് ഫങ്കസ്, ബാക്ടീരിയ അണുബാധകള്‍ എന്നിവയെ ചെറുക്കാന്‍ സാധിയ്ക്കും. ഇതിനാല്‍ തന്നെ ഇത് താരനെ ചെറുത്ത് നില്‍ക്കും. തേങ്ങാപ്പാലില്‍ നിന്നുള്ള വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കും. തേങ്ങാപ്പാലില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടി വേരുകള്‍ക്ക് ആവശ്യത്തിനു പോഷണം നല്‍കുന്നു. കൂടാതെ ഇതിലെ പ്രോട്ടീന്‍ മുടി വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിലെ കാല്‍സ്യവും മുടി കൊഴിച്ചില്‍ തടഞ്ഞ് നിര്‍ത്താന്‍ നല്ലതാണ്.
കോണ്‍ഫ്ളോര്‍ – നമ്മള്‍ തയാറാക്കുന്ന മിശ്രിതങ്ങള്‍ കട്ടിയാകാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് കോണ്‍ഫ്ളോര്‍. ചില ക്രീമുകളിലും ഇവ ഉപയോഗിയ്ക്കാറുണ്ട്.
ഇനി എങ്ങനെ മാസ്‌ക് തയാറാക്കാമെന്ന് നോക്കാം – ആദ്യം ഒരു കപ്പ് തേങ്ങാപ്പാല്‍ എടുക്കുക. ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കണം. ഇതിലേയ്ക്ക് അല്‍പം കോണ്‍ഫ്ളോര്‍ ചേര്‍ക്കാം. ശേഷം കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കാം. ഇത് മിക്‌സിയില്‍ അടിച്ചെടുക്കാം. ശിരോചര്‍മം മുതല്‍ മുടിയുടെ അറ്റം വരെ ഈ മിശ്രിതം നന്നായി പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.




