Celebrity

ജിംനാസ്റ്റും ഒളിമ്പ്യനുമായുള്ള അലീനയുമായുള്ള ബന്ധത്തില്‍ പുടിനു 2 മക്കള്‍, റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഒളിമ്പിക്‌സ് മുന്‍ ജിംനാസ്റ്റിക് താരവുമായി രഹസ്യ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ടെന്ന് ‘ഫോബ്‌സാ’ന്റെ റിപ്പോര്‍ട്ട്. മുന്‍ ജിംനാസ്റ്റും ഒളിമ്പ്യനുമായ അലീന കബയേവയുമായാണ് പുടിന്‍ രഹസ്യബന്ധം പുലര്‍ത്തുന്നത്. ഒന്‍പതും അഞ്ചും വയസുള്ള രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. തികച്ചും സ്വകാര്യതയിൽ അതീവ സുരക്ഷയുള്ള ഒരു വസതിയിലാണ് ദമ്പതികളുടെ മക്കൾ വളരുന്നതെന്ന് പോർട്ടൽ അവകാശപ്പെടുന്നു .

മറ്റുള്ളവരുടെ ശ്രദ്ധയില്‍നിന്ന് പരമാവധി അകലം പാലിച്ചാണ് ജീവിതം. ‘മാതാപിതാ’ക്കളെ വളരെ അപൂർവമായി മാത്രമേ കാണൂ. സമപ്രായക്കാരായ മറ്റു കുട്ടികളുമായി ഇടപഴകാനും അനുമതിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

71 കാരനായ പുടിൻ, 1983 ൽ വിവാഹം കഴിച്ച ല്യുഡ്മിലയില്‍ മരിയ (39), കാത്‌റീന (38) എന്നിങ്ങനെ രണ്ടു പെണ്‍മക്കളുണ്ട്. ആ ബന്ധം
ഔദ്യോഗികമായി വേര്‍പെടുത്തി. ല്യൂഡ്‌മിലയിൽ നിന്നുള്ള വിവാഹമോചനം ഔദ്യോഗികമായി അവസാനിക്കുന്നതിന് ആറ് വർഷം മുമ്പ് 2008 ല്‍
നാല്‍പ്പത്തൊന്നുകാരി കബേവയും പുടിനും ഡേറ്റിംഗ് ആരംഭിച്ചു. മൂത്തമകന്‍ ഇവാനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുഗാനോയിലുള്ള മറ്റേണിറ്റി സെന്ററിലാണ് കബയേവ ജന്മം നല്‍കിയത്. രണ്ടാമത്തെ പുത്രന്‍ വ്‌ളാഡിമിര്‍ ജൂനിയര്‍ പിറന്നത് മോസ്‌കോയിലാണെന്നും പോര്‍ട്ടല്‍ പറയുന്നു.

ഏകാന്തവാസമാണെങ്കിലും സംഗീതം, നീന്തല്‍, ജിംനാസ്റ്റിക്‌സ് എന്നിവയിലടക്കം കൂട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇതിനായി പ്രത്യേകം പരിശീലകരെ നിയോഗിച്ചിട്ടുണ്ട്. ഇവാന്‍ ജിംനാസ്റ്റിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഒപ്പം പിതാവിനൊപ്പം ഹോക്കി കളിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വന്‍തുക ചെലവഴിച്ച് കാമുകിക്കും മക്കള്‍ക്കുമായി പുടിന്‍ സ്വത്തുവകകള്‍ വാങ്ങിയതായി കഴിഞ്ഞവര്‍ഷം ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.