ബോളിവുഡിലെ ലോബിയിംഗിന്റെ ഭാഗമായി തനിക്ക് ഒന്നൊന്നര വര്‍ഷത്തോളം പണിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്നും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി. സിനിമ വിട്ട് ബിസിനസിലേക്ക് തിരിഞ്ഞത് അതുകൊണ്ടായിരുന്നെന്നും പ്ലാന്‍ ബി എന്ന നിലയിലായിരുന്നെന്നും നടന്‍ പറഞ്ഞു. സാതിയ, കമ്പനി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് പേരുകേട്ട താരം അനേകം ബോക്‌സോഫീസ് ഹിറ്റുകള്‍ ചെയ്തിട്ടുണ്ട്.
‘ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല’ എന്ന സിനിമയ്ക്ക് ശേഷം താരം ജോലിയില്ലാതെ വലഞ്ഞിരുന്നു. ഒരു വര്‍ഷത്തിലേറെ സമയം പടമില്ലാതെ ഇരുന്നപ്പോഴാണ് പ്ലാന്‍ ബി പിന്തുടരാനും ബിസിനസുകാരനാകാനും തീരുമാനം എടുത്തത്. ലോഖണ്ഡ്വാലയിലെ ഷൂട്ടൗട്ടിന്റെ വിജയത്തിന് ശേഷം തനിക്ക് 14 മുതല്‍ 15 മാസം വരെ ജോലിയൊന്നും ലഭിച്ചില്ല. ഇത് സിനിമാ വ്യവസായത്തിന് പുറത്ത് സാമ്പത്തിക സ്വാതന്ത്ര്യം തേടാനുള്ള തന്റെ തീരുമാനത്തെ പ്രേരിപ്പിച്ചു.
22 വര്‍ഷത്തിനിടെ 67 ഓളം പ്രോജക്ടുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വ്യവസായം വളരെ സുരക്ഷിതമല്ലാത്ത സ്ഥലമാണ്. നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനും അവാര്‍ഡുകള്‍ നേടാനും ഒരു നടനെന്ന നിലയില്‍ നിങ്ങളുടെ ജോലി ചെയ്യാനും കഴിയും, എന്നാല്‍ അതേ സമയം, മറ്റ് കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ജോലിയൊന്നും ലഭിക്കാതെയുമിരിക്കും.
”2007 ന് ശേഷം ഞാന്‍ ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല ചെയ്തപ്പോള്‍, ഗണപത് ഗാനം വൈറലായി, എനിക്ക് അവാര്‍ഡുകള്‍ ലഭിച്ചു, അതിനാല്‍ ഞാന്‍ ഒരുപാട് ഓഫറുകള്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ എനിക്ക് ഒന്നും ലഭിച്ചില്ല. 2009 ലാണ് പൂര്‍ണ്ണമായും സിനിമയെ ആശ്രയിക്കരുത് എന്ന പാഠം പഠിച്ചത്. ഒരു ലോബിക്ക് നിങ്ങളുടെ ഭാവി തീരുമാനിക്കാന്‍ കഴിയുന്ന ഒരു സാഹചര്യത്തില്‍ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” ബിസിനസ് ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് വിവേക് ഒബ്‌റോയി സ്‌ക്രീന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”ബിസിനസ്സ് എല്ലായ്‌പ്പോഴും ഒരു പ്ലാന്‍ ബി ആയിരുന്നു, സിനിമ പാഷന്‍ ആയിരണമെന്നും ഉപജീവനമാര്‍ഗ്ഗം ബിസിനസ് ആയിരിക്കണമെന്നും ഞാന്‍ തീരുമാനിച്ചു. അത് ലോബികളുടെ കെണിയില്‍ നിന്നും പുറത്തുകടക്കാന്‍ എന്നെ സഹായിച്ചു. അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒന്നുകില്‍ നിങ്ങളുടെ ആത്മാവിനെ വില്‍ക്കുകയോ അല്ലെങ്കില്‍ ജീവിക്കാന്‍ മറ്റാരെയെങ്കിലും ആശ്രയിക്കേണ്ടതായോ വരും. ചില ആളുകള്‍ അതില്‍ നിന്ന് ഉപജീവനം കണ്ടെത്തുന്നുണ്ടാകാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. ” താരം പറഞ്ഞു.
അടുത്തിടെ, രോഹിത് ഷെട്ടിയുടെ ആദ്യ വെബ് സീരീസായ ഇന്ത്യന്‍ പോലീസ് ഫോഴ്സില്‍ പ്രത്യക്ഷപ്പെട്ട വിവേക് റിതേഷ് ദേശ്മുഖ്, അഫ്താബ് ശിവദാസനി എന്നിവര്‍ക്കൊപ്പം മസ്തി 4ല്‍ അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനിടയില്‍ മലയാളത്തിലും രണ്ടു സിനിമയിലെത്തി.