Sports

അന്ന് വിരാട്‌കോഹ്ലിയുടെ സഹതാരം, അണ്ടര്‍ 19 ലോകകപ്പില്‍ ടോപ് സ്‌കോറര്‍ ; ഇപ്പോള്‍ അമ്പയറായി അരങ്ങേറുന്നു

വിരാട്‌കോഹ്ലി നായകനായി ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയ അണ്ടര്‍ 19 ടീമിലെ സൂപ്പര്‍ബാറ്റ്‌സ്മാന്‍ ഇപ്പോള്‍ അമ്പയര്‍. ഐപിഎല്‍ 2025 സീസണില്‍ കളി നിയന്ത്രിക്കാന്‍ കളത്തിലെത്താനൊരുങ്ങുകയാണ്. പറഞ്ഞുവരുന്നത് 2008 ലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോപ് സ്‌കോററായ വിരാട് കോഹ്ലിയുടെ മുന്‍ സഹതാരം തന്മയ് ശ്രീവാസ്തവയെക്കുറിച്ചാണ്. ക്രിക്കറ്റ് വിട്ട അദ്ദേഹം അമ്പയറായി അരങ്ങേറുകയാണ്.

കരിയറിന്റെ തുടക്കം കോഹ്ലിയെപ്പോലെ തന്നെയായിരുന്നു തന്മയ്ക്കും. 2008 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സ്‌കോ ര്‍ നേടിയ ബാറ്റ്‌സ്മാന്‍ തന്‍മയ് ആയിരുന്നു. ലോകകപ്പില്‍ തന്റെ കഴിവ് പ്രകടിപ്പിച്ച തിന് ശേഷം പഞ്ചാബ് കിംഗ്‌സുമായി കരാറില്‍ എത്തുകയും ചെയ്തയാളാണ്. എന്നാല്‍ പിന്നീട് എല്ലാം അദ്ദേഹത്തിന് താഴേക്ക് പോയി. ഉത്തരാഖണ്ഡ് ടീമിന്റെ ക്യാപ്റ്റനാ യിരിക്കെ, 30 വയസ്സുള്ളപ്പോള്‍ തന്‍മയ് തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചു.

ഒരു കളിക്കാരന്‍ എന്നതിലുപരി ക്രിക്കറ്റില്‍ മറ്റെന്തെങ്കിലും പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചാണ് 35 കാരനായ തന്‍മയ് അമ്പയറിംഗ് ജോലിയില്‍ പ്രവേശിച്ചത്. ഐപിഎല്ലില്‍ തന്‍മയ്ക്ക് ഇതുവരെ ഒരു ഓണ്‍-ഫീല്‍ഡ് റോള്‍ നല്‍കിയിട്ടില്ലെങ്കിലും, അദ്ദേഹം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. തന്‍മയ് ഇപ്പോഴും വിരാടുമായി ബന്ധപ്പെടാറുണ്ട്. ഈ ഐപിഎല്ലില്‍ അദ്ദേഹത്തെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്.

”എനിക്ക് ആകാവുന്ന ഏറ്റവും മികച്ച കളിക്കാരന്‍ അമ്പയറിംഗ് ആണെന്ന് എനിക്ക് മനസ്സിലായി.” ശ്രീവാസ്തവ ഒരു ചാറ്റില്‍ പറഞ്ഞു. ”ഐപിഎല്‍ മത്സരം കളിക്കുന്നതിന് അടുത്തുപോലും എത്താന്‍ കഴിയുമായിരുന്നില്ല. അതോടെ ഒരു കളിക്കാരനായി ആയുസ്സ് വര്‍ദ്ധിപ്പിക്കണോ അതോ വിജയകരമായ രണ്ടാം ഇന്നിംഗ്‌സ് തുടരണോ എന്ന് എനിക്ക് തീരുമാനിക്കേണ്ടി വന്നു.” തന്മയ് പറയുന്നു.

‘ക്രിക്കറ്റില്‍ കളിക്കുന്നതിനു പുറമേ മറ്റെന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ രാജീവ് ശുക്ല സാറിനോട് പറഞ്ഞു. 30 വയസ്സ് ആയിരുന്നുള്ളൂ എന്നതിനാല്‍ അദ്ദേഹം അല്‍പ്പം അമ്പരന്നു. പിന്നെ എന്തെല്ലാം ഓപ്ഷനുകള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. എന്‍സിഎയില്‍ കോച്ചിംഗില്‍ ലെവല്‍ 2 കോഴ്സ് ചെയ്തു, പക്ഷേ എനിക്ക് ആകാന്‍ കഴിയുന്ന ഏറ്റവും മികച്ചത് ഫീല്‍ഡിംഗ് പരിശീലകനാകുക എന്നതാണെന്ന് എനിക്കറിയാമായിരുന്നു. അതോടെ അമ്പയറിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു,’ ശ്രീവാസ്തവ പറഞ്ഞു.