Celebrity Sports

കളിച്ചാലും ഇല്ലെങ്കിലും കിംഗ് ‘കോഹ്ലി’ തന്നെ ; മൂല്യമേറിയ സെലിബ്രിറ്റി പട്ടികയില്‍ 2046 കോടി രൂപയുമായി ഒന്നാമത്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റില്‍ കരിയറിന്റെ അസ്തമന ചക്രവാളങ്ങളിലാണ് വിരാട് കോഹ്ലി ഇപ്പോഴുള്ളത്. എങ്കിലും കളത്തിനകത്തും പുറത്തുമുള്ള തന്റെ മൂല്യം തുടരുകയാണ് ഇന്ത്യന്‍ താരം. എം.എസ്. ധോണി മുതല്‍ രോഹിത് ശര്‍മ്മ വരെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ 2046 കോടി രൂപയുമായി വിരാട് കോഹ്ലി ഒന്നാമതുണ്ട്.

ലോകത്തെ പ്രമുഖ സാമ്പത്തിക, റിസ്‌ക് ഉപദേശക സ്ഥാപനമായ ക്രോള്‍, ഇന്ത്യയിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ പുതിയ റാങ്കിംഗ് അടുത്തിടെ പുറത്തിറക്കി. അവരുടെ ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പോര്‍ട്ട്‌ഫോളിയോയും സോഷ്യല്‍ മീഡിയ സാന്നിധ്യവും അടിസ്ഥാനമാക്കിയുള്ള റാങ്കിംഗ് റിപ്പോര്‍ട്ട് അനുസരിച്ച്, മുന്‍നിരയിലുള്ള 25 ഇന്ത്യന്‍ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ ആകെ മൂല്യം 2024-ല്‍ 2 ബില്യണ്‍ യുഎസ് ഡോളറിലെത്തി.

ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വര്‍ദ്ധനവാണ്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി പട്ടികയില്‍ ആധിപത്യം തുടരുന്നു. 231.1 മില്യണ്‍ യുഎസ് ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി അദ്ദേഹം ഒന്നാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്, സോഷ്യല്‍ മീഡിയ ഇടപെടല്‍, പ്രമുഖ ബ്രാന്‍ഡുകളുമായുള്ള ബന്ധം എന്നിവയാണ് ഈ വിജയത്തിന് പ്രധാന കാരണങ്ങള്‍. ബോളിവുഡ് താരം അനുഷ്‌ക്കാ ശര്‍മ്മയെ വിവാഹം കഴിച്ച് ലണ്ടനില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണ് കോഹ്ലി.

ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറും പട്ടികയിലുണ്ട്. 2023-ല്‍ എട്ടാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന് വിരമിച്ചാലും ഇല്ലെങ്കിലും മൂല്യത്തിന് ഒരു കുറവുമില്ല. വിപണിമൂല്യത്തില്‍ 2024-ല്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്ന അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം 112.2 മില്യണ്‍ യുഎസ് ഡോളറിലെത്തി.

മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയും ആദ്യ 10-ല്‍ ഇടം നേടിയിട്ടുണ്ട്. 102.9 മില്യണ്‍ യുഎസ് ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി ഏഴാം സ്ഥാനത്താണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ബ്രാന്‍ഡ് മൂല്യം ഇപ്പോള്‍ 48.4 മില്യണ്‍ യുഎസ് ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അദ്ദേഹം ഈ വര്‍ഷം 17-ാം സ്ഥാനത്താണ്. ടീം ഇന്ത്യ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഈ പട്ടികയിലുണ്ട്. 43.1 മില്യണ്‍ യുഎസ് ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി അദ്ദേഹം 20-ാം സ്ഥാനത്താണ്.

അദ്ദേഹത്തിന്റെ സ്‌റ്റൈലും കളിയും യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നു. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയാണ് ഏറ്റവും വലിയ മുന്നേറ്റം നടത്തിയത്. കഴിഞ്ഞ വര്‍ഷം 41-ാം സ്ഥാനത്തായിരുന്ന അദ്ദേഹം ഇപ്പോള്‍ 22-ാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം ഏകദേശം 38.1 മില്യണ്‍ യുഎസ് ഡോളറാണ്.