ഇടയ്‌ക്കൊന്നു ചെറുതായി ഫോംഔട്ടായപ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങളായിരുന്നു. തന്നെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് മുറവിളി കൂട്ടിയവരൊക്കെ ഇപ്പോള്‍ എവിടെ എന്ന് ചോദിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട്‌കോഹ്ലി. ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായത് സൂപ്പര്‍താരത്തിന്റെ ബാറ്റിംഗായിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധശതകവുമായി ഇന്ത്യന്‍ ടീമിന്റെ നങ്കൂരം ഉറപ്പിച്ച ശേഷമാണ് കോഹ്ലി വീണത്.
തന്റെ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ടു മറുപടി പറഞ്ഞ വിരാട് കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പൂര്‍ത്തിയാക്കി. ഐസിസി ഏകദിന ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ 50 നേടിയിട്ടുള്ള താരമായിട്ടാണ് മാറിയത്. 53 ഇന്നിംഗ്സുകളില്‍ 24 ഫിഫ്റ്റി പ്ലസ് സ്‌കോറാണ് കോഹ്ലി പൂര്‍ത്തിയാക്കിയത്. 58 ഇന്നിംഗ്സുകളില്‍ ഇന്ത്യയുടെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 23 എന്ന റെക്കോഡാണ് പഴങ്കഥയായത്. ഐസിസി ഏകദിന ടൂര്‍ണമെന്റുകളില്‍ റണ്‍സ് നേട്ടത്തിന്റെ കാര്യത്തിലൂം കോഹ്ലി സച്ചിനെ പിന്നിലാക്കി. ആറ് സെഞ്ചുറികളും 18 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 65.15 ശരാശരിയില്‍ 2,541 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. തൊട്ടുപിന്നിലുള്ള സച്ചിന്‍ നേടിയിട്ടുള്ളത് 2,719 റണ്‍സാണ്.
ക്രിക്കറ്റ് ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങി എല്ലാ ഫോര്‍മാറ്റുകളിലുമായി ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് മത്സരങ്ങളില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി കോലി. ഈ മത്സരങ്ങളില്‍ ഉടനീളം, 53.84 ശരാശരിയില്‍ ഒരു സെഞ്ചുറിയും ഒമ്പത് അര്‍ധസെഞ്ചുറികളും സഹിതം 1,023 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്, ന്യൂസിലന്‍ഡിനെതിരായ 2023 ലോകകപ്പ് സെമിഫൈനലില്‍ നേടിയ 117 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന നേട്ടം.
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും മറ്റാരുമല്ല. ഇക്കാര്യത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍സുള്ള രണ്ടാമത്തെ താരവുമാണ് കോഹ്ലി. 17 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 82.88 ശരാശരിയില്‍ 746 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഈ എഡിഷനില്‍ പാക്കിസ്ഥാനെതിരെ നേടിയ 100* റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്‌കോര്‍. 791 റണ്‍സ് നേട്ടമുള്ള വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ മാത്രമാണ് കോഹ്ലിക്ക് മുന്നിലുള്ളത്.
സച്ചിന് ശേഷം ഏകദിന റണ്‍ ചേസുകളില്‍ 8,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരന്‍ കൂടിയാണ് കോഹ്ലി. ചേസുകളില്‍ 1000 റണ്‍സെങ്കിലും നേടിയ 237 കളിക്കാരില്‍ 60ന് മുകളില്‍ ശരാശരിയുള്ള ഒരേയൊരു കളിക്കാരനും കോഹ്ലിയാണ്. 170 ഏകദിനങ്ങളില്‍ ചേസിങ്ങിനിടെ, 159 ഇന്നിംഗ്സുകളില്‍ നിന്ന് 64.50 ശരാശരിയില്‍ 8,063 റണ്‍സാണ് അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിലാകട്ടെ 28 സെഞ്ചുറികളും 41 അര്‍ധസെഞ്ചുറികളും ഉണ്ട്. ഇതില്‍ ഏറ്റവും മികച്ച സ്‌കോര്‍ 183 റണ്‍സുമാണ്.