ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി വിരാട്‌കോഹ്ലിയെ സംബന്ധിച്ചിടത്തോളം വന്‍ തോല്‍വിയായിരുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ബാറ്റ്‌സ്മാനെ പക്ഷേ ഈയൊരു കാരണംകൊണ്ട് അങ്ങിനെ എഴുതിത്തള്ളാമെന്ന് കരുതേണ്ട. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയോ ഇംഗ്‌ളണ്ട് പര്യടനമോ വിരാട്‌കോഹ്ലിയുടെ ഒരു റെക്കോഡിന് കാരണമാകും.
സച്ചിന്‍ ടെണ്ടുല്‍ക്കറെയും കുമാര്‍ സംഗക്കാരയെയും പിന്തള്ളി ഏറ്റവും വേഗത്തില്‍ 14000 ഏകദിന റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡിന്റെ വക്കിലാണ് കോലി. ഇക്കാര്യത്തില്‍ ലോകത്തിലെ ആദ്യ താരമാകാന്‍ വിരാട് കോഹ്ലിക്ക് 96 റണ്‍സ് വേണം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിക്ക് ഒന്നിലധികം റെക്കോര്‍ഡുകള്‍ തകര്‍ക്കാനാകും.
ഏകദിന ക്രിക്കറ്റിലെ മഹാനായ കളിക്കാരില്‍ ഒരാളായ കോഹ്ലിയിലാണ് ഇന്ത്യ ചാംപ്യന്‍സ്‌ട്രോഫി പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്. 2013ല്‍ എംഎസ് ധോണി ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിനെ വിജയത്തിലെത്തിച്ചതിന് ശേഷം ഇന്ത്യ 50 ഓവര്‍ ഐസിസി ട്രോഫി നേടിയിട്ടില്ല. 2023ലെ ഏകദിന ലോകകപ്പ് നേടുന്നതിന് അടുത്തെത്തിയെങ്കിലും ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനോടും ഓസ്ട്രേലിയയോടും തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം തോല്‍വി ഏറ്റുവാങ്ങിയ ആത്മവിശ്വാസം വീണ്ടെടുക്കാനും ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്. 14,000 നാഴികക്കല്ല് ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ എത്തുന്ന താരമായും കോഹ്ലി മാറും. 300-ല്‍ താഴെ ഇന്നിംഗ്സുകളില്‍ നിന്ന് 14000 ഏകദിന റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്മാനായി കോഹ്ലി മാറും. സച്ചിന്‍ ടെണ്ടുല്‍ക്കറും കുമാര്‍ സംഗക്കാരയും മാത്രമാണ് ഏകദിന ക്രിക്കറ്റില്‍ 14,000 കടന്നത്.
സച്ചിന്‍ ഈ നേട്ടത്തിന് 350 ഇന്നിംഗ്സുകള്‍ എടുത്തപ്പോള്‍ സംഗക്കാരയ്ക്ക് 378 ഇന്നിംഗ്സുകള്‍ വേണ്ടിവന്നു. 295 മത്സരങ്ങളില്‍ നിന്നായി 13906 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കും, ഈ പരമ്പരയില്‍ തന്നെ കോഹ്ലിക്ക് റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയും.
കുമാര്‍ സംഗക്കാരയെ മറികടന്ന് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനും വിരാട് കോലിക്ക് കഴിയും. സംഗക്കാര ഏകദിന ക്രിക്കറ്റില്‍ 14243 റണ്‍സ് നേടിയിട്ടുണ്ട്, ശ്രീലങ്കന്‍ ഇതിഹാസത്തെ മറികടക്കാന്‍ കോലിക്ക് വേണ്ടത് 329 റണ്‍സ് മാത്രം. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കോഹ്ലിക്ക് ഈ റെക്കോര്‍ഡ് തകര്‍ക്കാനാകും.