ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ പ്രശ്‌നം സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ മോശം ഫോമാണ്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ, 30-കളുടെ രണ്ടാം പകുതിയില്‍ നില്‍ക്കുന്ന കോഹ്ലിയിലേക്കും സഹ സീനിയര്‍ താരം രോഹിത് ശര്‍മയിലേക്കും ആ നോട്ടം മാറിക്കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍താരം ഉടനൊന്നും വിരമിക്കാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ പറയുന്നത്. താരം 2027 ല്‍ നടക്കുന്ന ഏകദിന ലോകകപ്പും ചിലപ്പോള്‍ കളിച്ചേക്കുമെന്നും പറയുന്നു.
2027 ലെ അടുത്ത ഏകദിന ലോകകപ്പ് വരെ കോഹ്ലിക്ക് തുടരാനാകുമോ എന്നതിനെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ട്. കോഹ്ലി വിരമിക്കലിന് അടുത്തില്ലെന്ന് മാത്രമല്ല, അഞ്ച് വര്‍ഷം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നും ശര്‍മ്മ ആത്മവിശ്വാസത്തോടെ പറഞ്ഞു. ‘വിരാട് ഇപ്പോഴും വളരെ ഫിറ്റാണ്, വിരമിക്കാന്‍ പ്രായമായിട്ടില്ല. അഞ്ച് വര്‍ഷം കൂടി വിരാട് ക്രിക്കറ്റ് കളിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 2027 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പിലും കളിക്കും. 26 വര്‍ഷത്തിലേറെയായി അദ്ദേഹത്തോടൊപ്പമുണ്ട്, അതുകൊണ്ടാണ് വിരാട്ടില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയുന്നത്.” ശര്‍മ്മ പറഞ്ഞു.
‘വിരാട് കോഹ്ലി തന്റെ കരിയറിലെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെയും അദ്ദേഹം സെഞ്ച്വറി നേടി. അടുത്ത രണ്ട് മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് രണ്ട് സെഞ്ചുറികള്‍ കൂടി വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം എപ്പോഴും തന്റെ കളി ആസ്വദിച്ചിട്ടുള്ള കളിക്കാരനാണ്. ഒരു കളിക്കാരന്‍ തന്റെ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍, വിഷമകരമായ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഈ കളിക്കാരന് അറിയാം, ”അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് താരവും ഭാര്യ അനുഷ്‌ക ശര്‍മ്മയും മക്കളായ വാമികയും അകായും ഉടന്‍ ലണ്ടനിലേക്ക് താമസം മാറിയേക്കുമെന്നും ശര്‍മ്മ പറയുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള തന്റെ ജീവിതകാലം മുഴുവന്‍ ലണ്ടനില്‍ ചെലവഴിക്കാന്‍ അദ്ദേഹം പദ്ധതിയിടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, കോഹ്ലിയെ ലണ്ടനില്‍ ഇടയ്ക്കിടെ കാണാറുണ്ട്; വാസ്തവത്തില്‍, ഈ വര്‍ഷം ആദ്യം ഫെബ്രുവരി 15 ന് അവരുടെ മകന്‍ അകായ് നഗരത്തില്‍ ജനിച്ചു. ദമ്പതികള്‍ക്ക് ലണ്ടനില്‍ വീടുണ്ട്.