Sports

കോഹ്ലി മറ്റൊരു റോളില്‍, ആവേശം കൊണ്ട് പൂനെയിലെ ആരാധകര്‍; എട്ടുവര്‍ഷത്തിന് ശേഷം ലോകകപ്പില്‍ പന്തെറിഞ്ഞു

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയുടെ ബാറ്റിംഗ് വിരുന്നായിരുന്നു ഇന്ത്യാ ബംഗ്‌ളാദേശ് മത്സരത്തിലെ ഹൈലൈറ്റ്. പുറത്താകാതെ സെഞ്ച്വറി നേടിയ വിരാട് ആറ് ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തുകയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ ബാറ്റു കൊണ്ട് പ്രകടനം നടത്തും മുമ്പ് കോഹ്ലി പന്തെറിഞ്ഞു ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.

എട്ടു വര്‍ഷത്തിന് ശേഷമായിരുന്നു കോഹ്ലി ഒരു ലോകകപ്പ് മത്സരത്തില്‍ പന്തെറിയാനെത്തിയത്. മൊത്തം അന്താരാഷ്ട്ര മത്സരം എടുത്താല്‍ ആറു വര്‍ഷത്തിന് ശേഷവും. 2015ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് അവസാനമായി ലോകകപ്പ് മത്സരത്തില്‍ പ്രിയപ്പെട്ട ബാറ്റര്‍ പന്തെറിഞ്ഞത്. ഓസ്‌രേടലിയയ്‌ക്കെതിരേ സിഡ്നി മത്സരത്തില്‍ കോഹ്ലിയെ പന്തെറിയാന്‍ ധോണി വിളിച്ചിരുന്നു. ഇത്തവണ പരിക്കേറ്റ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യ പുറത്തായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഓവര്‍ പൂര്‍ത്തിയാക്കാനാണ് കോഹ്ലി പന്തെടുത്തത്.

പരിക്ക് കാരണം ഓള്‍റൗണ്ടര്‍ക്ക് ഫീല്‍ഡിന് പുറത്തേക്ക് മാറേണ്ടി വന്നതിനാല്‍ വലംകൈയ്യന്‍ വേഗമേറിയ ബൗളറായ കോഹ്ലിക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ ഓവര്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കോഹ്ലി ബൗള്‍ ചെയ്യാന്‍ കയറിയപ്പോള്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ കാണികള്‍ ആവേശത്തില്‍ ആര്‍പ്പുവിളിച്ചു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ മൂന്ന് പന്തുകള്‍ എറിഞ്ഞ വിരാട് കോലി രണ്ട് റണ്‍സ് വിട്ടുകൊടുത്തു.

കോഹ്ലിയുടെ വ്യത്യസ്തമായ വേഷം സോഷ്യല്‍ മീഡിയയിലും ഹിറ്റായി. ഒമ്പതാം ഓവറില്‍ ഒരു ഡ്രൈവ് തടയാന്‍ ശ്രമിക്കുന്നതിനിടെ ഹാര്‍ദിക് പാണ്ഡ്യ ഇടത് കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ പാണ്ഡ്യ ഫിസിയോയുടെ സഹായം തേടിയെങ്കിലും ഓവര്‍ തുടരാനായില്ല.