Sports

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും…, ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഈ റെക്കോഡും തകര്‍ത്തു…!

കൊളംബോ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡുകളെല്ലാം ഈ ഇന്ത്യന്‍ താരം തകര്‍ത്തുവാരുമെന്ന് ആദ്യം മുതലേ കേള്‍ക്കുന്നതാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊളംബോയില്‍ നടന്ന മത്സരത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല.

ലോകം കാത്തിരുന്ന ഏഷ്യാക്കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്റെ റിസര്‍വ് ദിനത്തില്‍ മഴയ്‌ക്കൊപ്പം പെയ്യുന്നത് റെക്കോഡുകളുടെ പെരുമഴയും. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി നാലാം സെഞ്ച്വറി നേടുന്നയാള്‍. തുടങ്ങിയ നേട്ടങ്ങള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി സ്വന്തമാക്കിയപ്പോള്‍ തകര്‍ന്നത് സാക്ഷാല്‍ സച്ചിന്റെ റെക്കോഡ്.

ഏകദിന ഫോര്‍മാറ്റിലെ തന്റെ 47-ാമത്തെ സെഞ്ച്വറി നേടിയ വിരാട്‌കോഹ്ലി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന താരമായി. 276 മത്സരത്തില്‍ നിന്നുമാണ് കോഹ്ലി 13,000 റണ്‍സ് തികച്ചത്. സച്ചിന് ഈ നാഴികക്കല്ലില്‍ എത്താന്‍ 321 മത്സരം വേണ്ടി വന്നിരുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കിപോണ്ടിംഗാണ് ഈ ക്ലബ്ബില്‍ മൂന്നാം സ്ഥാനത്തുള്ളത്. 341 കളി പോണ്ടിംഗിന് വേണ്ടി വന്നു. ഇതിനൊപ്പം ഏഷ്യാക്കപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേട്ട കാര്യത്തില്‍ നാലു സെഞ്ച്വറികളുള്ള മുന്‍ ശ്രീലങ്കന്‍ താരം കുമാര സംഗക്കാരയ്‌ക്കൊപ്പം രണ്ടാമത് വരാനുമായി. ആറ് സെഞ്ച്വറികളുള്ള മുന്‍ ശ്രീലങ്കന്‍ താരം ജയസൂര്യയാണ് ഒന്നാമത്.

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ കളിച്ച് തുടര്‍ച്ചയായ നാലാം സെഞ്ചുറിയെന്ന നേട്ടവും കരിയറിലെ 77-ാം അന്താരാഷ്ട്ര സെഞ്ചുറിയിലും കോഹ്ലിയെത്തി. സെഞ്ച്വറി നേട്ടത്തിലും കോഹ്ലി സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തുടരുകയാണ്. സെഞ്ച്വറിയുടെ എണ്ണം തന്നെ സെഞ്ച്വറിയായ സച്ചിന് പിന്നില്‍ 23 സെഞ്ച്വറികളാണ് കോഹ്ലിയ്ക്ക് കുറവ്. പുറത്താകാതെ കോഹ്ലി നേടിയ 122 റണ്‍സിന്റെയും കെഎല്‍ രാഹുലിന്റെ 111* റണ്‍സിന്റെയും പിന്‍ബലത്തില്‍ പാകിസ്താനെതിരെ 50 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു.

ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (56) ശുഭ്മാന്‍ ഗില്ലും (58) നടത്തിയ മികച്ച സെഞ്ച്വറി കൂട്ടുകെട്ടിന് ശേഷമാണ് കോഹ്ലി പുറത്തായത്. ഞായറാഴ്ച (സെപ്റ്റംബര്‍ 10), കോഹ്ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് 2 വിക്കറ്റിന് 123 എന്ന നിലയില്‍ കൈകോര്‍ക്കുന്നതിന് മുമ്പ് (സെപ്റ്റംബര്‍ 10) ഇന്ത്യ 121 റണ്‍സിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടില്‍ കയറി. മൂന്നാം വിക്കറ്റില്‍ പൊട്ടാത്ത 233 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി, ഇന്ത്യയെ 50 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു. 94 പന്തില്‍ 9 ബൗണ്ടറികളും 3 സിക്സറുകളും സഹിതമാണ് കോഹ്ലി 122 റണ്‍സ് എടുത്തത്.