Sports

ഐസിസി ടൂര്‍ണമെന്റുകളില്‍ വെള്ളപ്പന്തില്‍ 3000 റണ്‍സ് ; വിരാട്‌കോഹ്ലിക്ക് മറ്റൊരു നേട്ടം കൂടി

ധര്‍മ്മശാല: നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീം നടത്തുന്ന പ്രകടനം ആരാധകരെ അതിരുകടന്നുള്ള പ്രതീക്ഷയിലേക്ക് നയിക്കുകയാണ്. കളിച്ച ലീഗ് മത്സരങ്ങളില്‍ നാലും ജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യയ്ക്ക് വേണ്ടി സ്വന്തം താരങ്ങള്‍ മാറിമാറി മികവ് കാട്ടുമ്പോള്‍ റെക്കോഡുകള്‍ ഒന്നൊന്നായി വഴിമാറുകയാണ്.

ന്യൂസിലന്റിനെതിരേയുള്ള മത്സരത്തില്‍ കോഹ്ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായിട്ടാണ് കോഹ്ലി മാറിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ (ഏകദിന, ടി 20 ഐ) 2,942 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്.ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 69-ാം ഏകദിന അര്‍ധസെഞ്ച്വറി താരം നേടിയിരുന്നു. 104 പന്തില്‍ നിന്ന് 95 റണ്‍സ് നേടിയ കോഹ്ലി ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

മെഗാ ഇവന്റില്‍ 300 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി നേരത്തേ രോഹിത് ശര്‍മ്മ മാറിയിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ ബാറ്റിംഗിനായി എത്തിയ കോഹ്ലി ഹിറ്റ്മാനെ മറികടക്കുകയും ചെയ്തു. ഈ പതിപ്പില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന കോഹ്ലി ഇതുവരെ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും നേടി.

ന്യൂസിലന്റിനെതിരേയുള്ള മത്സരത്തില്‍ കോഹ്ലി മറ്റൊരു നാഴികക്കല്ലു കൂടി നേടി. ഏകദിനത്തില്‍ 150 ക്യാച്ചുകള്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. ജസ്പ്രീത് ബൂംറെയുടെ ബൗളിംഗില്‍ മാര്‍ക്ക് ചാപ്മാനെ ഒന്നാന്തരം ഒരു ഡൈവിംഗ് ക്യാച്ചിലൂടെ പുറത്താക്കിയ കോഹ്ലി ഏറ്റവും കൂടുതല്‍ ഏകദിനത്തിലെ ക്യാച്ചുകളുടെ പട്ടികയില്‍ നാലാമതായി. 218 ക്യാച്ചുകളുള്ള മഹേള ജയവര്‍ദ്ധനെയാണ് പട്ടികയില്‍ ഒന്നാമന്‍. തൊട്ടുപിന്നില്‍ 160 ക്യാച്ചുകള്‍ പേരിലുള്ള റിക്കിപോണ്ടിംഗും 156 ക്യാച്ചുകളുള്ള മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് മൂന്നാമന്‍.