Sports

കോഹ്ലി 27,000 റണ്‍സ് നാഴികക്കല്ലിന് തൊട്ടടുത്ത് ; വെറും 58 റണ്‍സു മാത്രം അകലം

സെപ്തംബര്‍ 19 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയിലായിരിക്കും. അതിനൊരു കാരണമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഒരു റെക്കോഡിന് തൊട്ടടുത്താണ് വിരാട്‌കോഹ്ലിയിപ്പോള്‍ നില്‍ക്കുന്നത്.

ലോകകപ്പ് നേട്ടത്തോടെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന താരത്തെ ഇനി ഏകദിന – ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ മാത്രമാകും ആരാധകര്‍ക്ക് കാണാനാകുക. ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കൂടി 80 സെഞ്ച്വറികളുള്ള വിരാട്‌കോഹ്ലി സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിനേക്കാള്‍ 20 എണ്ണം മാത്രമാണ് പിന്നില്‍. എന്നാല്‍ സച്ചിന്‍കുറിച്ച നാഴികക്കല്ലുകളിലൊന്നായ 27,000 റണ്‍സിലേക്ക് എത്താന്‍ കോഹ്ലിയ്ക്ക് 58 റണ്‍സ് കൂടി മതി. ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടത്തില്‍ എത്തുക എന്ന ലക്ഷ്യമാണ് കോഹ്ലിക്ക് മുന്നിലുള്ളത്.

സച്ചിന്‍ 623 ഇന്നിംഗ്‌സുകളില്‍ നിന്നും ഉണ്ടാക്കിയ നേട്ടം മറികടക്കാന്‍ കോഹ്ലിക്ക് വെറും എട്ട് ഇന്നിംഗ്‌സിന്റെ കാര്യമേയുള്ളൂ. 26942 റണ്‍സ് നേടിയിട്ടുള്ള കോഹ്ലിക്ക് 147 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 600-ല്‍ താഴെ ഇന്നിംഗ്സുകളില്‍ 27,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനാകാന്‍ സാധ്യത വളരെ കൂടുതലാണ് 591 ഇന്നിംഗ്‌സുകള്‍ കളിച്ച കോഹ്ലിക്ക് നേട്ടം കയ്യെത്തും ദൂരത്താണ്.

മിക്കവാറും ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ തന്നെ ഈ ലോക റെക്കോര്‍ഡ് സച്ചിനെ മറികടന്ന് പേരിലാക്കാന്‍ കോഹ്ലിക്ക് കഴിയും. സച്ചിനെ കൂടാതെ, ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27000 റണ്‍സിന് മുകളില്‍ നേടിയിട്ടുണ്ട്. സച്ചിന്‍ ഓപ്പണറായി കൂടിയായിരുന്നു ഈ നേട്ടമുണ്ടാക്കിയതെങ്കില്‍ മദ്ധ്യനിരയില്‍ കളിച്ചാണ് കോഹ്ലി നേട്ടമുണ്ടാക്കുന്നത്.