കാലിഫോർണിയയിൽ ഒരു കാറിന്റെ ഡാഷ്കാമിൽ കഴിഞ്ഞ ദിവസം പതിഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. അർദ്ധനഗ്നനായ ഒരു പ്രതി തന്റെ തോക്ക് മോഷ്ടിച്ചതിനെത്തുടർന്ന്, ഒരു വനിതാ പോലീസ് ഓഫീസർ തന്റെ ജീവനുവേണ്ടി അയാളോട് യാചിക്കുന്നതിന്റെ ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു ഇത്.
അസ്വസ്ഥതയുളവാക്കുന്ന വീഡിയോയിൽ, പ്രതിയായ 26 വയസ്സുള്ള ഒസീൻ മക്ലിന്റോക്കിനോട്, “ദയവായി എന്നെ വെടിവയ്ക്കരുത്!” എന്ന് ഉദ്യോഗസ്ഥ അപേക്ഷിക്കുന്നത് കേൾക്കാം. ഓറഞ്ച് കൗണ്ടിയിലെ ഫൗണ്ടൻ വാലിയിൽ നിലവിളിച്ചുകൊണ്ട് നിൽക്കുന്ന ഉദ്യോഗസ്ഥയുടെ കൈയിൽ നിന്ന് തോക്ക് തട്ടിയെടുത്ത മക്ലിന്റോക്ക് “യേശുവിന്റെ നാമത്തിൽ നിങ്ങൾ എന്നെന്നേക്കുമായി രക്ഷിക്കപ്പെട്ടിരിക്കുന്നു,” എന്ന് ഉദ്യോഗസ്ഥയോട് പറയുന്നത് കേൾക്കാം.
വീഡിയോയുടെ തുടക്കത്തിൽ രണ്ട് ഓഫീസർമാർ മക്ലിന്റോക്കുമായി ശാന്തമായ ഒരു സംഭാഷണം നടത്താൻ ശ്രമിക്കുന്നതാണ് കാണുന്നത്. “നിങ്ങൾ കുഴപ്പത്തിലല്ല, എനിക്ക് നിങ്ങളോട് സംസാരിച്ചാൽ മാത്രംമതി,” ഓഫീസർ മക്ലിന്റോക്കിനോട് പറഞ്ഞു. അതിനു മക്ലിന്റോക്ക് “എന്നെ ജോനാഥന്റെ അടുത്തേക്ക് കൊണ്ടുപോകാമോ?” എന്നാണ് മറുപടിയായി ചോദിച്ചത്.
തുടർന്ന് അർദ്ധനഗ്നനായ മക്ലിന്റോക്കിനോട് എന്തുകൊണ്ടാണ് ഷർട്ട് ധരിക്കാത്തതെന്ന് ഓഫീസർ ചോദിക്കുകയും കാറിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വാഹനത്തിൽ ഇരിക്കാൻ ആവശ്യപ്പെട്ടതോടെ മക്ലിന്റോക്കിന്റെ പെരുമാറ്റം പെട്ടെന്ന് മാറുകയും “എനിക്ക് ഇരിക്കേണ്ടതില്ല,” എന്ന് രൂക്ഷമായി മറുപടി പറയുകയും ചെയ്തു. തൊട്ടടുത്ത നിമിഷം, “യേശുവിന്റെ നാമത്തിൽ, ഞാൻ എന്നേക്കും പ്രാർത്ഥിക്കുന്നു. ആമേൻ” എന്ന് മന്ത്രിച്ചുകൊണ്ട് മക്ലിന്റോക്ക് ഓടാൻ തുടങ്ങി.
അയാൾ അടുത്തുള്ള ഒരു പെട്രോൾ പമ്പിലേക്കും പിന്നീട് ഒരു ബാങ്കിലേക്കും ഓടികയറുകയും തുടർന്ന് ഓഫീസറുടെ തോക്ക് തട്ടിയെടുക്കാൻ ഒരു പാർക്കിംഗ് സ്ഥലത്തേക്ക് പോകുകയും ചെയ്തു.
തുടർന്ന് മക്ലിന്റോക്കുമായി നടന്ന ഏറ്റുമുട്ടലിൽ വനിതാ ഓഫീസർ കുടുങ്ങിയതിനെത്തുടർന്ന് പുരുഷ പോലീസ് ഉദ്യോഗസ്ഥൻ മക്ലിന്റോക്കിനോട് നിലവിളിക്കുന്നത് കേൾക്കാം. എന്നാൽ മക്ലിന്റോക്ക് അയാളെ അവഗണിച്ച് വനിതാ ഓഫീസറുടെ സ്ക്വാഡ് കാറിൽ കയറി, അവരുടെ കയ്യിൽ നിന്ന് തോക്ക് തട്ടിയെടുക്കുകയാണ്.
സഹ ഓഫീസറെ രക്ഷിക്കാൻ മറ്റു വഴികൾ ഇല്ലാതെ വന്നതോടെ പുരുഷ ഓഫീസർ ഡ്രൈവർ സീറ്റിൽ കുഴഞ്ഞുവീണ മക്ലിന്റോക്കിന് നേരെ 10 തവണ വെടിയുതിർത്തു. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസും ഫൗണ്ടൻ വാലി പോലീസ് ഡിപ്പാർട്ട്മെന്റും പറയുന്നതനുസരിച്ച്, മക്ലിന്റോക്ക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. മക്ലിന്റോക്കിന്റെ ശവസംസ്കാര ചടങ്ങുകൾക്ക് പണം സ്വരൂപിക്കുന്നതിനായി ഒരു ഗോ ഫണ്ട്മീ ആരംഭിച്ച അദ്ദേഹത്തിന്റെ കുടുംബം, മരണത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ അദ്ദേഹത്തിന് തന്റെ രണ്ട് അടുത്ത ബന്ധുക്കളെ നഷ്ടപ്പെട്ടുവെന്നും ഹീമോഫീലിയ, സന്ധി വീക്കം, പേശികളിലെ രക്തസ്രാവം എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നെന്നും വ്യക്തമാക്കി.