Crime

പോലീസിന് തിരിച്ചടി; വിനായകന്റെ ആത്മഹത്യ, തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തൃശൂര്‍: വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസില്‍ പോലീസിന് കോടതിയില്‍ തിരിച്ചടി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരേ വിനായകന്റെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. പാവറട്ടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായിരുന്ന സാജന്റെയും ശ്രീജിത്തിന്റെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് ദലിത് കുടുംബാംഗമായ വിനായകന്‍ ആത്മഹത്യ ചെയ്തത്. വിനായകന്റെ കറുപ്പ് നിറവും നീട്ടിവളര്‍ത്തിയ മുടിയുമാണ് ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറാന്‍ പോലീസുകാരെ പ്രേരിപ്പിച്ചതെന്നാണ് ആരോപണം.

2017 ജൂലൈ 18നാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. വഴിയരികില്‍ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചുനിന്ന വിനായകനെ കാരണങ്ങളില്ലാതെ പോലീസ് കസ്റ്റഡിയിലെടുക്കുകയും സ്‌റ്റേഷനില്‍വച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തുനെന്നാണ് പരാതി. മര്‍ദനത്തില്‍ മനംനൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസിനെതിരെ വലിയ പ്രതിഷേധം അന്ന് ഉയര്‍ന്നിരുന്നു. കേസ് അന്വേഷിച്ച പോലീസുകാരെ രക്ഷപ്പെടുത്തുന്ന രീതിയിലാണ് എഫ്.ഐ.ആര്‍. തയാറാക്കിയത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് വിനായകന്റെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ എസ്.സി/എസ്.ടി കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

കുറ്റപത്രത്തില്‍ പോലീസുകാര്‍ക്കെതിരേ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയിരുന്നില്ല. വിനായകന് മര്‍ദനമേറ്റ സംഭവത്തില്‍ രണ്ട് പോലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം, എസ്.സി, എസ്.ടി. അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസിലെ നടപടികള്‍ ഒരു മാസം നിര്‍ത്തിവയ്ക്കാനും വിചാരണക്കോടതിയായ തൃശൂര്‍ എസ്.സി., എസ്.ടി. പ്രത്യേക കോടതിയെ സമീപിക്കാനും ഉത്തരവിട്ടു. തുടര്‍ന്ന് കൃഷ്ണന്‍ വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി വിശദമായി വാദം കേട്ട കോടതിക്ക് തുടരന്വേഷണം നടക്കേണ്ടതുണ്ടെന്നും പ്രേരണാക്കുറ്റം അന്വേഷിക്കണ്ടേതുണ്ടെന്നും ബോധ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ഇക്കഴിഞ്ഞ 20ന് തുടരന്വേഷണത്തിന് എസ്.സി.,എസ്.ടി. അതിക്രമം തടയല്‍ സ്‌പെഷ്യല്‍ കോടതി ഉത്തരവായത്.

മകന് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്ന് വിനായകന്റെ അച്ഛന്‍ പറഞ്ഞു. അന്വേഷിച്ച ഉദ്യോഗസ്ഥന്‍മാര്‍ മൂന്നുപേരും അവര്‍ക്ക് അനുകൂലമായിട്ടാണ് അന്വേഷണം കൊണ്ടുപോയത്. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. തുടരന്വേഷണം വേണമെന്ന ഉത്തരവ് പ്രതീക്ഷ നല്‍കുന്നു. തന്റെ മകനെ അതിക്രൂരമായാണ് അവര്‍ മര്‍ദിച്ചത്. അത് കാരണമാണ് അവന്‍ മരിച്ചതെന്നും സി.കെ. കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവായ സാഹചര്യത്തില്‍ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനും നടത്തിപ്പിനുമായി അഭിഭാഷകരുടെ കൗണ്‍സില്‍ രൂപീകരിക്കും. കേസിലുണ്ടായ അട്ടിമറികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു ഫെബ്രുവരി 11ന് തൃശൂരില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ദലിത് സമുദായ മുന്നണി നേതാക്കള്‍ പറഞ്ഞു.