Movie News

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക് ആരംഭിച്ചു

മലയാള സിനിമയിലെ അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭിനയിക്കുന്ന തെക്ക് വടക്ക് – എന്ന ചിത്രത്തി​ന്റെ ചിത്രീകരണം ഏപ്രിൽ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു. മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ തന്നെ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരത്തിനർഹനായ സുരാജ് വെഞ്ഞാറമൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന ഗവണ്മൻ്റിന്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകനും ഈ ചിത്രത്തിൽ എത്തുന്നത് ശങ്കുണ്ണി എന്ന അരിമിൽ ഉടമയേയും മാധവൻ എന്ന ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറിനയറേയും അവതരിപ്പിച്ചാണ്. ശങ്കുണ്ണിയെ സുരാജും, മാധവനെ വിനായകനും അവതരിപ്പിക്കുന്നു.

വൻവിജയം നേടിയ ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അൻജന ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മിന്നൽ മുരളി, ആർ.ഡി.എക്സ് എന്നീ ചിത്രങ്ങളുടെ സഹനിർമ്മാതാവു കൂടിയാണ് അൻജനാ ഫിലിപ്പ് . മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്,മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ തുടങ്ങിയ താരങ്ങളും ഇവർക്കൊപ്പമുണ്ട്.

വിക്രം വേദ, കൈതി, ആർ.ഡി.എക്സ്. തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്കു സംഗീതമൊരുക്കിയ സാം സി. എസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം വിഭാഗം കൈകാര്യം ചെയ്യുന്നത്. ഒടിയൻ സിനിമക്കു ഗാനങ്ങൾ രചിച്ച ലക്ഷ്മി ശ്രീകുമാറാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. അൻവർ റഷീദിന്റെ ബ്രിഡ്ജ്, വലിയ പെരുനാൾ, കിസ്മത്ത് എന്നി ചിത്രങ്ങളിലുടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകൻ.