Movie News

ഓഡിഷനില്‍ തിളങ്ങിയില്ല, വിക്രത്തിന് മണിരത്‌നം ചിത്രം നഷ്ടപ്പെട്ടു, താരം കരഞ്ഞത് 2 മാസം, ഏതാണ് ആ ക്ലാസിക്?

മണിരത്നം സംവിധാനം ചെയ്ത് 1995-ല്‍ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തിലെ നായകവേഷത്തിനായി സൂപ്പര്‍ താരം ചിയാന്‍ വിക്രമിനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ആ വേഷം ഒടുവില്‍ അരവിന്ദ് സ്വാമിയുടെ കൈകളിലെത്തുകയായിരുന്നു. ചിത്രത്തിലെ നായിക മനീഷ കൊയ്‌രാളയായിരുന്നു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് തനിക്ക് അത്രയും പ്രാധാന്യമുള്ള വേഷം നഷ്ടപ്പെട്ടതെന്ന് പറയുകയാണ് വിക്രം.

മണിരത്‌നത്തിന്റെ ബോംബെ എന്ന ചിത്രം നിരസിച്ചുവെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തോടാണ് വിക്രം പ്രതികരിച്ചത്. താന്‍ അങ്ങനെ ചെയ്തില്ലെന്നും ഓഡിഷന്‍ നന്നായി നടക്കാത്തതിനാല്‍ തന്നെ മാറ്റുകയായിരുന്നുവെന്ന് വിക്രം വ്യക്തമാക്കി. ഓഡിഷന് വേണ്ടി ചെന്നപ്പോള്‍ ഫോട്ടോ എടുക്കുന്ന ഒരു ക്യാമറയുമായിട്ടാണ് മണിരത്‌നം സാര്‍ വന്നത്. ഓടിപ്പോകുന്ന ഒരു പെണ്‍കുട്ടിയെ നോക്കുന്ന സന്ദര്‍ഭമാണ് അന്ന് അഭിനയിക്കാന്‍ തന്നത്. ഫോട്ടോ എടുക്കുന്ന ക്യാമറ ആയതുകൊണ്ട് തന്നെ ചിത്രങ്ങള്‍ മങ്ങിപ്പോകുമെന്ന് കരുതി ഞാന്‍ അനങ്ങാതെ നിന്നു. അദ്ദേഹം അനങ്ങാന്‍ പറഞ്ഞിട്ടും അനങ്ങിയില്ല. വീഡിയോ എടുക്കുന്ന ക്യാമറ അല്ല, മറിച്ച് ഫോട്ടോ എടുക്കുന്ന ക്യാമറയാണ് മുന്നില്‍ ഉള്ളത്. ഞാനാകെ സംശയത്തിലായിപ്പോയി. അനങ്ങിയാല്‍ ചിത്രങ്ങള്‍ മങ്ങുമെന്നാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. അങ്ങനെയാണ് അത് നഷ്ടമായതെന്ന് വിക്രം പറഞ്ഞു.

ആ സിനിമ നഷ്ടമായതോടെ താന്‍ വിഷമത്തിലായെന്നും രണ്ട് മാസത്തോളം താന്‍ കരഞ്ഞു നടന്നെന്നും വിക്രം പറയുന്നു. ”ശങ്കര്‍ സാറിനും മണി സാറിനും ഒപ്പം പ്രവര്‍ത്തിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. അതിന് ശേഷം അഭിനയത്തില്‍ നിന്ന് ഞാന്‍ വിരമിക്കാന്‍ തയ്യാറായിരുന്നു. അതിനു ശേഷം എനിക്കൊന്നും വേണ്ട എന്ന ചിന്തയായിരുന്നു. അത്രയും പ്രധാനപ്പെട്ടതായിരുന്നു എനിക്ക് അദ്ദേഹത്തിന്റെ സിനിമ. രാവിലെ മനീഷ കൊയ്രാളയുടെ ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് എന്റെ ഫോട്ടോഷൂട്ടും നടന്നു. അതിന് ശേഷമാണ് ഞാന്‍ മണ്ടത്തരം കാണിച്ചത്. രണ്ട് മാസമായി, എല്ലാ ദിവസവും, ഞാന്‍ ഉറക്കമുണര്‍ന്ന് കരയുമായിരുന്നു, എനിക്ക് അത് നഷ്ടപ്പെട്ടു. ആ സിനിമ പിന്നീട് വലിയ പാന്‍ ഇന്ത്യന്‍ ചിത്രമായി മാറി. കള്‍ട്ട് ആയി മാറി. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണ് ബോംബെയിലെ ‘ഉയിരേ’ എന്ന ഗാനം. പക്ഷേ അതിന് പകരമായി അദ്ദേഹത്തിനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ചാണ് ഞാന്‍ പ്രതികാരം ചെയ്തത്.” – വിക്രം പറഞ്ഞു.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘തങ്കലാന്‍’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. തങ്കലാന്‍ തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.