Movie News

വിജയ് സേതുപതി നായകനായി വീണ്ടുമെത്തുന്നു ; വെട്രിമാരന്റെ തിരക്കഥയില്‍ പൊന്‍ റാമിന്റെ സംവിധാനം

നായകനെന്നോ വില്ലനെന്നോ വ്യത്യാസമില്ലാതെ വേഷങ്ങള്‍ ചെയ്യുന്നയാളാണ് മക്കള്‍സെല്‍വന്‍ വിജയ് സേതുപതി. സിനിമയില്‍ ഏറെ കഷ്ടപ്പെട്ട് എത്തുകയും നായകനായി മാറുകയും ചെയ്ത അദ്ദേഹം അടുത്ത കാലത്തായി തിളങ്ങുന്നത് വില്ലന്‍ വേഷത്തിലാണ്. ഇളയദളപതി വിജയ് നായകനായ മാസ്റ്റര്‍ മുതല്‍ വില്ലന്‍വേഷമണിഞ്ഞ വിജയ് സേതുപതി ഷാരൂഖ് നായകനായ ജവാന്‍ വരെ അത് തുടരുകയും ചെയ്തു.

എന്നാല്‍ വിജയ് സേതുപതി തന്റെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന പുതിയ വിശേഷവുമായി എത്തിയിട്ടുണ്ട്. താരം നായകനായി വീണ്ടുമെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. സംവിധായകന്‍ പൊന്‍ റാമാണ് താരത്തിന് നായകവേഷം ഓഫര്‍ ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് ഇരുവരും ഒരുമിച്ച ഡിഎസ്പി ഒരു വന്‍ വിജയമായിരുന്നില്ല. ഇതോടെ വളരെ കരുതലോടെയാണ് ഇരുവരും നീങ്ങുന്നത്. വിജയ് സേതുപതി വീണ്ടും പൊന്‍ റാമിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചതിന്റെ ഏറ്റവും വലിയ കാരണം വെട്രിമാരനായിരുന്നു.

ഞാന്‍ ചിത്രം സംവിധാനം ചെയ്യുമെന്നും വെട്രിമാരന്‍ മുഴുവന്‍ കഥയും തിരക്കഥയും എഴുതുമെന്നും പറഞ്ഞാണ് പൊന്‍ റാം വിജയ് സേതുപതിയെ സമീപിച്ചത്. നടന്‍ വിജയ് സേതുപതിക്ക് വെട്രിമാരനോട് എന്നും ബഹുമാനമുണ്ട്. വിമിത്ത് എന്ന ചിത്രത്തിന്റെ സംഗീത ലോഞ്ച് വേളയില്‍ അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരുന്നു. വെട്രിമാരന്റെ വന്‍ വിജയം നേടിയ വിടുതലൈയില്‍ വിജയ് സേതുപതിയും അഭിനയിച്ചിരുന്നു. തമിഴ്‌നടന്‍ സൂരി നായകനായ സിനിമയുടെ രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്.

അതേസമയം നായകനായി തുടര്‍പരാജയങ്ങള്‍ നേരിട്ടതോടെയാണ് താരം വില്ലന്‍ വേഷത്തിലേക്ക് മാറി ചവിട്ടിയത്. മുന്‍നിര നായകന്മാരെല്ലാം പ്രതിഫലത്തിനും ബജറ്റിനും വിപണിക്കും ബോക്സ് ഓഫീസ് കളക്ഷനും വേണ്ടി ഓടുന്ന കാലത്ത്, തുടര്‍ന്നുവന്ന കാലടികളെ പിന്നിലേക്ക് നോക്കുക കൂടി ചെയ്യുന്ന താരമാണ് വിജയ് സേതുപതി. തന്നെ സഹായിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കും നവാഗത സംവിധായകര്‍ക്കും വേണ്ടി സിനിമയുണ്ടാക്കാന്‍ നിന്നുകൊടുത്തതാണ് താരത്തിന് തുടര്‍ പരാജയങ്ങള്‍ വരാന്‍ കാരണമായത് എന്ന് വിലയിരുത്തലുണ്ട്.