Sports

സിംബാബ്‌വേ തവിടു പൊടി; വൈഭവിന്റെ അതിവേഗ ഫിഫ്റ്റി, സെഞ്ചറിയടിച്ച് വിഹാൻ; 6 റൺസിനിടെ 6 വിക്കറ്റ് വീഴ്ത്തി ബോളർമാർ

ബുലാവായോ(സിംബാബ്‌വേ): അണ്ടര്‍-19 ക്രിക്കറ്റ്‌ ലോകകപ്പിലെ സൂപ്പര്‍ സിക്‌സ്‌ മത്സരത്തില്‍ സിംബാബ്‌വേയെ 204 റണ്ണിന്‌ തോല്‍പ്പിച്ച്‌ ഇന്ത്യ. ഗ്രൂപ്പ്‌ ഒന്നില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ എട്ട്‌ വിക്കറ്റിന്‌ 352 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ 38-ാം ഓവറില്‍ 148 റണ്ണിന്‌ ഓള്‍ഔട്ടായി.

ടോസ്‌ നേടിയ സിംബാബ്‌വേ നായകന്‍ സിംബാര്‍ഷെ മുദ്‌സെന്‍ഗാരെ ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. 107 പന്തില്‍ 109 റണ്ണുമായി പുറത്താകാതെനിന്ന വിഹാന്‍ മല്‍ഹോത്രയാണ്‌ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. അവസാന ഓവറുകളില്‍ ഖിലാന്‍ പട്ടേല്‍ (12 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 30), ആര്‍.എസ്‌. അംബ്രിഷ്‌ (28 പന്തില്‍ 21) എന്നിവര്‍ വെടിക്കെട്ടായി.

ഓപ്പണര്‍ വൈഭവ്‌ സൂര്യവംശി (30 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം 52), അഭിഗ്യാന്‍ കുണ്ടു (62 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 61) എന്നിവര്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. മലയാളി താരം ആരോണ്‍ ജോര്‍ജും (16 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 23) വൈഭവ്‌ സൂര്യവംശിയും ചേര്‍ന്നാണ്‌ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്‌. ഓപ്പണിങ്‌ കൂട്ടുകെട്ട്‌ 44 റണ്ണെടുത്തു.

നായകന്‍ ആയുഷ്‌ എംഹാത്രെയ്‌ക്കും (19 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 21) വേദാന്ത്‌ ത്രിവേദിക്കും (18 പന്തില്‍ 15) പിടിച്ചു നില്‍ക്കാനായില്ല. 11-ാം ഓവറില്‍ സ്‌കോര്‍ നൂറുകടന്നതിന്‌ പിന്നാലെ വൈഭവ്‌ പുറത്തായി. 30 പന്തില്‍ നിന്ന്‌ 52 റണ്‍സെടുത്താണ്‌ താരം മടങ്ങിയത്‌. നാലുവീതം ഫോറുകളും സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്‌. വിഹാന്‍ മല്‍ഹോത്രയും അഭിഗ്യാന്‍ കുണ്ടുവും അഞ്ചാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട്‌ പടുത്തുയര്‍ത്തി. സിംബാബ്‌വേ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ 200 കടത്തി. 113 റണ്ണിന്റെ കൂട്ടുകെട്ടാണ്‌ ഇരുവരും ചേര്‍ന്ന്‌ പടുത്തുയര്‍ത്തിയത്‌.

വിഹാന്‍ മല്‍ഹോത്രയാണ്‌ ടീമിനെ മുന്നോട്ടുനയിച്ചത്‌. ആര്‍.എസ്‌. അംബ്രിഷ്‌, ഖിലാന്‍ പട്ടേല്‍ എന്നിവരും ചേര്‍ന്നതോടെ സ്‌കോര്‍ മുന്നൂറ്‌ കടന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. 24 റണ്ണെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്‌ടമായി. നതാനിയേല്‍(0), ധ്രുവ്‌ പട്ടേല്‍(എട്ട്‌), ബ്രാന്‍ഡന്‍ സെന്‍സിയര്‍ (മൂന്ന്‌) എന്നിവര്‍ വേഗം മടങ്ങി. നാലാം വിക്കറ്റില്‍ ലീറോയ്‌ ചിവൗലയും (77 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 62) കിയാന്‍ ബ്ലിഗ്നട്ടും (37) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്‌ ടീമിനെ കരകയറ്റിയത്‌. ചിമുഗോരോയുമായി (29 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 29) ചേര്‍ന്ന്‌ ലിറോയ്‌ സ്‌കോര്‍ നൂറുകടത്തി. ലിറോയിയെ പുറത്താക്കി ഉദ്ധവ്‌ മോഹന്‍ സിംബാബ്‌വേയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

പിന്നീട്‌ വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. സിംബാബ്‌വെയുടെ അവസാന ആറു വിക്കറ്റുകൾ വെറും ആറു റൺസിനിടെയാണ് നഷ്ടമായത്. ഇന്ത്യക്കായി ഉദ്ധവ്‌ മോഹനും ആയുഷ്‌ എംഹാത്രെയും മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്തു. അംബ്രിഷ്‌ രണ്ട്‌ വിക്കറ്റും ഹെനില്‍ പട്ടേല്‍, ഖിലാന്‍ പട്ടേല്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. മറ്റൊരു മത്സരത്തില്‍ പാകിസ്‌താന്‍ ന്യൂസിലന്‍ഡിനെ എട്ട്‌ വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 110 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 18-ാം ഓവറില്‍ ലക്ഷ്യത്തിലെത്തി.