Oddly News

ആഡംബര കാറിനു മുകളിൽ നഗ്നനായി യുവാവിന്റെ റീൽസ് ചിത്രീകരണം: പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വൈറലാകാനും ലൈക്കുകൾ വാരിക്കൂട്ടാനുമായി എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. കാണികളിൽ അസ്വസ്ഥത ഉണർത്തുന്ന ഇത്തരം വീഡിയോകൾക്കെതിരെ നെറ്റിസൺസ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും റീൽസ് ചിത്രീകരണം എന്ന പേരിൽ ഈ പ്രവണത തുടരുന്ന നിരവധി പേരുണ്ട്.

അത്തരത്തിൽ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് വൈറലാകുന്ന ഒരു വീഡിയോയായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരിക്കുന്നത്. ആഡംബര കാറിന്റെ മുകളിൽ നഗ്നനായി ഇരുന്നു റീൽസ് ചിത്രീകരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണിത്. വീഡിയോ ഇതിനോടകം വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു.

വീഡിയോയിൽ, സോഷ്യൽ മീഡിയ റീൽ ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യുവാവ് കാറിന് മുകളിൽ നഗ്നനായി ഇരിക്കുന്നത് കാണാം. അയാൾ മദ്യ ലഹരിയിൽ ഇരിയ്ക്കുന്നതായിട്ടാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. ജബൽപൂരിലെ മധോതാൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രാദേശിക അധികാരികൾ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്, അത്തരം പെരുമാറ്റത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത് കടുത്ത ജനരോഷത്തിന് കാരണമായി.

ഈ അവസ്ഥയിൽ യുവാവിനെ കണ്ട പ്രദേശവാസികൾ പലരും അസ്വസ്ഥരായി. നിരവധി പേർ വാഹനം നിർത്തി യുവാവിനോട്‌ വിയോജിപ്പ് പ്രകടിപ്പിച്ചു കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടങ്കിലും യുവാവ് അതൊന്നും ഗൗനിച്ചില്ല. ഇയാളുടെ പെരുമാറ്റത്തിൽ രോഷാകുലരായ ചിലർ യുവാവിനെ ശാരീരികമായി നേരിടാനും ശ്രമിച്ചു .

സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പകർത്തിയ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിക്കുകയാണ്
നിരവധി പേരാണ് വീഡിയോയെ അപലപിച്ച് രംഗത്തെത്തിയത്.

സമൂഹത്തിലും ചുറ്റുമുള്ള ആളുകളിലും അത് ചെലുത്തിയേക്കാവുന്ന ആഘാതം കണക്കിലെടുക്കാതെ, സോഷ്യൽ മീഡിയയുടെ പ്രശസ്തിക്ക് വേണ്ടി ചില വ്യക്തികൾ എത്രത്തോളം മുന്നോട്ട് പോകുന്നു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് വീഡിയോ.

ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഒഴിവാക്കാനും സാമൂഹിക മൂല്യങ്ങളെ മാനിക്കാനും അധികാരികൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.