ഇന്ത്യയിലെമ്പാടും വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നതിനിടെ, ആകർഷകമായ ഒരു നിമിഷമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗണേശ വിഗ്രഹത്തിന്റെ കൈയ്യിൽ സമാധാനമായി ഉറങ്ങുന്ന ഒരു പൂച്ചയുടെ വീഡിയോ ആണത്.
ഉത്സവപ്രതീതി ഉണർത്തി മനോഹരമായ മഞ്ഞ വസ്ത്രം ധരിച്ച വിഗ്രഹമാണ് വീഡിയോയിലുള്ളത്. എന്നാൽ സാധാരണ ഗണേശന്റെ വാഹനമായി വിശ്വസിക്കപ്പെടുന്ന എലിയല്ല, ഒരു പൂച്ചയാണ് ഇവിടെ താരമായത്. വീഡിയോയിൽ, ഗണേശവിഗ്രഹത്തിന്റെ കൈയ്യിൽ വളരെ സുരക്ഷിതമായി സന്തോഷത്തോടെ സുഖമായി ഉറങ്ങുന്ന പൂച്ചയെ കാണാം.
ഈ വർഷത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണിതെന്നാണ് നെറ്റിസൺസ് പറയുന്നത്. ‘ഇപ്പോൾ എലിക്ക് അസൂയ തോന്നുന്നുണ്ടാവും’ എന്ന് ചിലര്‍ തമാശയായി കമന്റ് ചെയ്തു. പ്രതീക്ഷിക്കാത്ത ലളിത നിമിഷങ്ങളാണ് ചിലപ്പോൾ വലിയ സന്തോഷം നൽകുന്നതെന്ന് ഓർമ്മിപ്പിക്കുന്ന ഒന്നാണ് ഈ വീഡിയോ. ‘വിഷു ഡിയോലേക്കർ’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കിട്ട ഈ പോസ്റ്റ് 8 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
കമന്റ് സെക്ഷൻ അഭിനന്ദനങ്ങള്‍ കൊണ്ട് നിറഞ്ഞു. ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി, “എപ്പോഴും എലി നിന്റെ അടുത്താണല്ലോ… ഇന്ന് എന്റെ ഊഴമാണ്.” രണ്ടാമതൊരാൾ ” എത്ര മനോഹരം. ഇതിന് അനുവാദം നൽകിയവർക്കും നന്ദി,” എന്ന് കുറിച്ചു.”ചില കഥകളിൽ പൂച്ച ഗൗരി മായെ പ്രതിനിധീകരിക്കുന്നു. അതിനാൽ, അമ്മ മകന്റെ കൈയ്യിൽ ഉറങ്ങുകയാണ്,” മൂന്നാമതൊരാൾ എഴുതി. “വളരെ മനോഹരമായ നിമിഷം.. ദൈവം വിവേചനം കാണിക്കില്ല, പക്ഷേ മനുഷ്യർ കാണിക്കും,” മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേർത്തു. “എലിയെ ഞാൻ അടുത്ത് വരാൻ അനുവദിക്കില്ല.. ബാപ്പയുടെ മടിയിൽ ഞാൻ ഉറങ്ങും,” മറ്റൊരാൾ എഴുതി.




