Sports

ഋഷഭ് പന്ത് വിനയാകുന്നുണ്ടോ ; സഞ്ജു സാംസണ്‍ ദിനേശ് കാര്‍ത്തിക്കിന്റെ പാതയില്‍ ?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച അവസരം കിട്ടാതെ മലയാളി ക്രിക്കറ്റര്‍ സഞ്ജുസാംസണ്‍ വിഷമിക്കുകയാണ്. തന്റെ 9 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍, 2015 ഓഗസ്റ്റ് മുതല്‍ 2019 ഡിസംബര്‍ വരെ സാംസണ്‍ ഒരു മത്സരവും കളിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 2015ല്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 46 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. എന്തുകൊണ്ടാണ് കഴിഞ്ഞ ദശകത്തില്‍ ഏറ്റവും പ്രഗത്ഭരായ കളിക്കാരില്‍ ഒരാള്‍ 50-ല്‍ താഴെ മത്സരങ്ങളില്‍ പങ്കെടുത്തത് എന്ന ചോദ്യത്തിന് ക്രിക്കറ്റ് വിദഗ്ദ്ധര്‍ നല്‍കുന്ന ഉത്തരം ഋഷഭ് പന്ത് എന്നാണ്.

സഞ്ജു സാംസണെ ഇന്ത്യയുടെ കടുത്ത മത്സരാധിഷ്ഠിത ആഭ്യന്തര വ്യവസ്ഥയുടെ ഇരയായിട്ടാണ് വിദഗ്ദ്ധര്‍ എടുക്കുന്നത്. ഇന്ത്യന്‍ ടീമിലെ മികവിന്റെ ആഴത്തെക്കുറിച്ച് സംസാരിച്ചാല്‍ ആരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏഴയല്‍പക്കത്ത് വരില്ല. ടീം ഇന്ത്യയ്ക്ക് പലപ്പോഴും ബാക്കപ്പുകള്‍ക്ക് ബാക്കപ്പ് ഉണ്ട് എന്നതാണ് ഇതിന് കാരണം. നിലവിലെ വൈറ്റ് ബോള്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മയ്ക്കോ വിരാട് കോഹ്ലിയ്ക്കോ ബാക്കപ്പായിരുന്നതിനാല്‍ യശസ്വി ജയ്സ്വാളിന് 2024 ലെ ടി20 ലോകകപ്പിനുള്ള ടീമില്‍ പോലും ഇടം നേടാനായില്ല.

സഞ്ജു തന്റെ മൂന്‍ഗാമിയായ ദിനേശ്കാര്‍ത്തിക്കിന്റെ പാതയിലാണെന്ന് വിശ്വസിക്കുന്ന അനേകം ക്രിക്കറ്റ് പണ്ഡിറ്റുകളുണ്ട്. എംഎസ് ധോണി ടീമിലുള്ളപ്പോള്‍ എപ്പോഴും ബായ്ക്കപ്പായി ബഞ്ചിലിരിക്കേണ്ട സ്ഥിതിയായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്. ധോണിക്ക് മൂന്ന് മാസം മുമ്പ് ഇന്ത്യന്‍ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചയാളാണ് കാര്‍ത്തിക്. തമിഴ്നാട്ടില്‍ നിന്നുള്ള കീപ്പര്‍ ബാറ്റര്‍ ഇന്ത്യയ്ക്കായി ഫോര്‍മാറ്റുകളിലുടനീളം മാന്യമായ എണ്ണം (160) കളിച്ചു, പക്ഷേ ധോണിയുടെ 538 മത്സരങ്ങളെ വെച്ച് നോക്കുമ്പോള്‍ അത് വളരെ കുറവാണെന്ന് കാണാം. 2019 ല്‍ ധോണി വിരമിച്ചിട്ടും 2024 വരെ കാര്‍ത്തിക് ടീമില്‍ കളിച്ചിട്ടും ധോണിയുടെ കളികളുടെ എണ്ണം കാര്‍ത്തിക്കിനേക്കാള്‍ വളരെ കൂടുതലാണെന്ന് കാണാം.

സഞ്ജുവിന്റെ കാര്യത്തിലും ഇതു തന്നെയാണ്. പന്തിനേക്കാള്‍ ഒന്നര വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ താരമാണ് സഞ്ജു. എന്നാല്‍ പന്തിന് ഇതിനകം 94 മത്സരങ്ങളുണ്ട്. ഏകദിനങ്ങളും ടി20യും ടെസ്റ്റും സഞ്ജുവിനേക്കാള്‍ കൂടുതലാണ്. സ്റ്റമ്പിന് പിന്നില്‍ സാംസണേക്കാള്‍ മികച്ച പ്രകടനവും പന്തിന്റേതാണ്. വ്യത്യസ്ത സാഹചര്യങ്ങളിലും രാജ്യങ്ങളിലും തന്റെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തു.
സാംസണേക്കാള്‍ മൂന്ന് വയസ്സിന് ഇളയതാണ് എന്നതും പന്തിന്റെ മറ്റൊരു നേട്ടമാണ്. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ പന്ത് ഇതുവരെ സ്വയം കണ്ടെത്തിയിട്ടില്ല, എന്നിരുന്നാലും, ഇന്ത്യയ്ക്കായി അദ്ദേഹം കളിക്കുന്നത് തുടരുന്നു.