Movie News

രാഷ്ട്രീയത്തിന് മുമ്പ് വിജയ് യുടെ അവസാനചിത്രം വെട്രിമാരന്‍ ചെയ്‌തേക്കും ; പൊളിറ്റിക്കല്‍ ത്രില്ലറെന്ന് സൂചന

ഫെബ്രുവരി ആദ്യമായിരുന്നു ദളപതി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴകവെട്രി കഴകം’ പ്രഖ്യാപിച്ചത്. ‘ഗോട്ടും’ ഒപ്പിട്ട ഒരു സിനിമയും പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുമെന്നും അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പായി വിജയ് മറ്റൊരു സിനിമ കൂടി അഭിനയിച്ചേക്കുമെന്നും അത് മിക്കവാറും വെട്രിമാരന്‍ സംവിധാനം ചെയ്‌തേക്കുമെന്നുമാണ് ഏറ്റവും പുതിയ വിവരം.

വിജയ്യുടെ അവസാനചിത്രം പ്രതീക്ഷിക്കപ്പെടുന്ന മുന്‍നിര സംവിധായകരില്‍ ഒരാളാണ് വെട്രി മാരന്‍ എന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിജയ് ഇപ്പോള്‍ സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെ ‘ഗോട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ഈ വര്‍ഷം അവസാനം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

2026ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മികച്ച ലോഞ്ച്പാഡായി വര്‍ത്തിച്ചേക്കാവുന്ന വിജയുടെ അവസാന ചിത്രത്തിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. വെട്രി മാരന്‍ നടനോട് ഒരു തിരക്കഥ വിവരിച്ചതായിട്ടാണ് വിവരം. ‘ആര്‍ആര്‍ആര്‍’ ഫെയിം ഡിവിവി ദനയ്യയാണ് പേരിടാത്ത ഈ സംരംഭം നിര്‍മ്മിക്കുന്നത്.

ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും നിലവില്‍ വന്നിട്ടില്ല. അതേസമയം വിജയുടെ 69-ാം ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. 2020-ല്‍, താന്‍ വിജയ്ക്ക് ഒരു സ്‌ക്രിപ്റ്റ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അനുമതി നല്‍കിയാല്‍ അത് മുന്നോട്ട് കൊണ്ടുപോകുമെന്നും വെട്രി മാരന്‍ പറഞ്ഞു.

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിലാണ് വിജയ് അവസാനമായി അഭിനയിച്ചത്. തന്റെ രാഷ്ട്രീയ യാത്രയ്ക്കുള്ള ഒരുക്കമെന്ന നിലയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിജയ് തന്റെ ടീമിനൊപ്പം നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സ്വയം പങ്കാളിയാണ്.