കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. നടന്‍ ദീലീപ് എട്ടാം പ്രതിയായ കേസില്‍ രാവിലെ പതിനൊന്നിനാണു നടപടികള്‍ തുടങ്ങുക. എല്ലാ പ്രതികളും ഇന്നു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോടതി പരിസരത്തു കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. പ്രതികള്‍ കുറ്റക്കാരാണോ എന്നതില്‍ കോടതി ഇന്നു വിധി പറയും. ശിക്ഷ പ്രഖ്യാപിക്കല്‍ മറ്റൊരു ദിവസമാകാനാണു സാധ്യത. മൂന്നുവര്‍ഷത്തിലധികം തടവുശിക്ഷ കിട്ടിയാല്‍ നേരെ ജയിലിലേക്കു കൊണ്ടുപോകും.
നടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണു വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിനു ക്വട്ടേഷന്‍ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്. എന്നാല്‍ തന്നെ കേസില്‍പെടുത്തിയാണെന്നും പ്രോസിക്യുഷന്‍ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ ഉന്നയിച്ചതെന്നുമാണ് ദിലീപിന്റെ വാദം.
അതിനിടെ, നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസം ദിലീപ്, മുഖ്യമന്ത്രി പിണറായി വിജയന് മെസേജ് അയച്ചെന്ന വിവരം പുറത്തുവന്നു. ‘തെറ്റുചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ്’ എന്നായിരുന്നു മെസേജ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്നു ഭയന്നാണു ദിലീപ് മെസേജ് അയച്ചതെന്നാണു പ്രോസിക്യൂഷന്‍ വാദം. 2017 ഫെബ്രുവരി 22നു രാവിലെ 09.22 നാണു ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മേസേജ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പള്‍സര്‍ സുനിയാണു പ്രതിയെന്ന് ആദ്യദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മര്‍ദത്തിലായെന്നും ഇതോടെയാണു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണു കൃത്യത്തിനു കാരണമെന്നാണു പ്രോസിക്യൂഷന്‍ കേസ്.




