കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴിയെടുക്കാനുള്ള പോലീസിന്റെ നോട്ടീസിനെതിരേ പരാതിക്കാരി ഹൈക്കോടതിയില്‍.
പോലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു യുവതി ഹൈക്കോടതിയെ സമീപിച്ചത്.
ഓഗസ്‌റ്റ് 21-നു ഗവേഷക വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് ഇ-മെയില്‍ മുഖേനെ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. തങ്ങളുടെ പക്കലുണ്ടായിരുന്നതു മെയില്‍ ഐ.ഡിയില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമായിരുന്നുവെന്നും ഇതുകൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നുമായിരുന്നു പോലീസ് വ്യക്‌തമാക്കിയിരുന്നത്. ഈ പശ്‌ചാത്തലത്തിലാണു പരാതിക്കാരിക്കു പോലീസ് നോട്ടീസ് അയച്ചത്. ഈ നോട്ടീസിനെതിരേയാണു യുവതി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, യുവതിയുടെ മൊഴിയെടുക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കുന്നത്. കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണു നോട്ടീസയച്ചതെന്നു പോലീസ് വ്യക്‌തമാക്കി. കേസില്‍ നേരത്തേ ജില്ലാ കോടതി വേടനു ജാമ്യം അനുവദിച്ചിരുന്നു. ഗവേഷക വിദ്യാര്‍ഥിനിയെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസ്.
2020 ഡിസംബറിലാണു സംഭവം നടന്നത്. ആദിവാസി ഗോത്ര വിഭാഗങ്ങളുടെ സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണു പരാതിക്കാരി വേടനെ ബന്ധപ്പെട്ടത്. വേടന്റെ നിര്‍ദേശപ്രകാരം എറണാകുളത്ത് എത്തിയ വിദ്യാര്‍ഥിനിയെ ഫ്‌ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടെന്നും പരാതിയിലുണ്ട്.




