Crime

കാഴ്ചയില്ലാത്ത പ്രായമുള്ള നായയെ വഴിയരികില്‍ ഉപേക്ഷിച്ചു; 62 കാരിക്കെതിരേ അമേരിക്കയില്‍ കേസ്

പ്രായമായ കാഴ്ച വൈകല്യമുള്ള നായയെ റോഡരികില്‍ ഉപേക്ഷിച്ച സ്ത്രീയ്‌ക്കെതിരേ അമേരിക്കയില്‍ മൃഗപീഡനത്തിന് കേസ്. ഫീനിക്‌സില്‍ നിന്നുള്ള കാരെന്‍ ബ്ലാക്ക് എന്ന 62 കാരിയെയാണ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരേ മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്ന കേസെടുത്തു.

ടക്സണില്‍ നിന്ന് 45 മൈല്‍ തെക്കുകിഴക്കായി അരിസോണയിലെ ബെന്‍സണിലെ ഒരു റോഡ് എക്‌സിറ്റിന് സമീപം ഒരു നായ നടക്കുന്നതായി കൊച്ചിസ് കൗണ്ടി ഷെരീഫ് മാര്‍ക്ക് ഡാനെല്‍സും ഭാര്യയും കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഐ10 നെയും സ്‌കൈലൈന്‍ റോഡിനെയും ബന്ധിപ്പിക്കുന്ന എക്‌സിറ്റ് റാംപിലൂടെ നടക്കുന്ന ചെറിയ നായയെ അവരുടെ വാഹനത്തില്‍ കയറ്റി സുരക്ഷിതമാക്കി.

അതിന് ശേഷം നായയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തില്‍ അവര്‍ ഈ അന്വേഷണം തുടര്‍ന്നു. സെപ്തംബര്‍ 6 ന്, സെന്‍ട്രല്‍ ഫീനിക്‌സിലെ അവളുടെ വീട്ടില്‍ നായയുടെ ഉടമ കാരെന്‍ ബ്ലാക്ക് എന്നയാളെ കണ്ടെത്തി. താന്‍ ഒരിക്കലും കൊച്ചിസ് കൗണ്ടിയില്‍ പോയിട്ടില്ലെന്ന് ബ്ലാക്ക് അവകാശപ്പെട്ടെങ്കിലും പിന്നീട് നായയെ റോഡരികില്‍ ഉപേക്ഷിച്ചതായി അവര്‍ സമ്മതിച്ചു.

ബ്‌ളാക്കിനെതിരേ മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന കുറ്റം ചുമത്തി. ഈ മാസം അവസാനം കൊച്ചിസ് കൗണ്ടി കോടതിയില്‍ ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നായ ഇപ്പോള്‍ ഒരു ഷെല്‍ട്ടറിന്റെ സംരക്ഷണയിലാണ്, ബ്ലാക്ക് കേസ് പരിഹരിക്കുന്നതുവരെ അവിടെ തുടരും.