Lifestyle

‘അമ്മിഞ്ഞപ്പാലിന്റെ രുചി’; ബ്രെസ്റ്റ് മിൽക്ക് ഐസ്ക്രീമുമായി യുഎസ് ബേബി ബ്രാൻഡ്

മുലപ്പാൽ നിർമിത ഐസ്ക്രീം അവതരിപ്പിക്കാൻ ഒരുങ്ങി യുഎസിലെ പ്രശസ്തമായ ബേബി ബ്രാൻഡായ ഫ്രിഡ. എന്നാൽ മുലപ്പാൽ ഐസ്ക്രീം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് യഥാർത്ഥ ഗർഭധാരണത്തിന് സമാനമായി, ഒൻപത് മാസം കാത്തിരിക്കേണ്ടതുണ്ട്. കാരണം അതിനുശേഷം മാത്രമേ ഐസ്ക്രീം ലഭ്യമാകുകയുള്ളു.

ഇത് സംബന്ധിച്ച പത്രക്കുറിപ്പിൽ “എല്ലാവരും ഒരുപോലെ ആശ്ചര്യതോടെ ചോദിക്കുന്ന കാര്യമായ മുലപ്പാലിന്റെ യഥാർത്ഥ രുചി എന്താണ് എന്നതിനുള്ള ഉത്തരം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”. എന്നാണ് ഫ്രിഡ വ്യക്തമാക്കിയത്.ന്റെ

യഥാർത്ഥ മുലപ്പാലിൽ നിന്ന് നിർമ്മിച്ച ഐസ്ക്രീമാണ് ഫ്രിഡ സമ്മാനിക്കുന്നതെന്ന് തോന്നുമെങ്കിലും, അത് അങ്ങനെയല്ല. യുഎസിലെ ഫുഡ് റെഗുലേറ്റർമാർ യഥാർത്ഥ മുലപ്പാലിന് അംഗീകാരം നൽകാത്തതിനാൽ, ഈ ഐസ്ക്രീം മുലപ്പാലിന്റെ ഗുണങ്ങളെ അനുകരിക്കുന്ന വിധത്തിലുള്ളതായിരിക്കുമെന്ന് ഫ്രിഡ പറയുന്നു. ഇതിൽ മുലപ്പാലിന്റേതിന് സമാനമായ പോഷകങ്ങൾ അടങ്ങിയിരിക്കുമെന്നും കൂടാതെ ഉപ്പിന്റെ ഒരു നുറുങ്ങ് രുചിക്കൊപ്പം മധുരവും ആസ്വദിക്കാമെന്നും ബ്രാൻഡ് വ്യക്തമാക്കി.

“നമ്മൾ എല്ലാവരും പരീക്ഷിക്കാൻ ആഗ്രഹിച്ച മധുരവും ക്രീമിയും പോഷകങ്ങളും നിറഞ്ഞ നന്മയുടെ മികച്ച പ്രതിനിധാനമായിരിക്കും ഈ ഐസ്ക്രീം”. കമ്പനിയുടെ വെബ്‌സൈറ്റിൽ ‘ഡെസേർട്ട്’ മുൻകൂട്ടി ഓർഡർ ചെയ്യണമെന്നും ഫ്രിഡ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

പോസ്റ്റ് വൈറലായതോടെ, സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഒരു വിഭാഗം ഇതിനോട് തമാശയായിട്ടാണ് പ്രതികരിച്ചത്. ഇത് ബ്രാൻഡിൽ നിന്നുള്ള ഏപ്രിൽ ഫൂളിന്റെ തമാശയായിരിക്കാം എന്നാണ് അവർ കുറിച്ചത്.

“ഇത് ഏപ്രിൽ ഫൂൾ ദിനത്തിൽ പ്രഖ്യാപിക്കപ്പെടേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നുന്നു,” ഒരു ഉപയോക്താവ് പറഞ്ഞു,
“ഐസ്ക്രീം അക്ഷരാർത്ഥത്തിൽ പശുവിന്റെ മുലപ്പാലിൽ നിന്ന് ഉണ്ടാക്കുമ്പോൾ ഇതിൽ ഞെട്ടാൻ എന്തിരിക്കുന്നു? എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.

ഏതായാലും തങ്ങൾ ഉൽപ്പന്നം സമാരംഭിക്കുകയാണെന്നും പൊതുജനങ്ങളിൽ നിന്ന് നല്ല സ്വീകരണം പ്രതീക്ഷിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *