Crime

കാമുകന്റെ സഹായത്താല്‍ ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, അമ്മയാണ് കൊന്നതെന്ന് 10വയസുകാരി മകള്‍

ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ചന്ദൗസിയിൽ നിന്ന് അതിക്രൂരമായ ഒരു കൊലപാതക വിവരം പുറത്തുവന്നു. മീററ്റിലെ കുപ്രസിദ്ധമായ “ബ്ലൂ ഡ്രം കൊലപാതകത്തിന്” സമാനമായ രീതിയിൽ, ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.

ഡിസംബർ 15-ന് ചന്ദൗസിയിലെ പത്രൗവ റോഡിലുള്ള ഈദ്ഗാഹിന് സമീപം പോളിത്തീൻ ബാഗുകളിൽ പൊതിഞ്ഞ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. വെട്ടിനുറുക്കിയ നിലയിലുള്ള മൃതദേഹ ഭാഗങ്ങൾ കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. തലയും കൈകാലുകളും വേർപെടുത്തപ്പെട്ട നിലയിലായതിനാൽ മൃതദേഹം ആരുടേതാണെന്ന് ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ശരീരത്തിന്റെ തലഭാഗം കാണാനില്ലാത്തതിനാൽ തിരിച്ചറിയൽ ദുഷ്കരമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ പിന്നീട് കണ്ടെത്തിയ ഒരു കൈയ്യിൽ “രാഹുൽ” എന്ന് പച്ചകുത്തിയത് ഇയാളെ തിരിച്ചറിയാൻ സഹായിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കൊല്ലപ്പെട്ടത് ചന്ദൗസിയിലെ ചുണ്ണി സ്വദേശിയും ചെരുപ്പ് വ്യാപാരിയുമായ രാഹുൽ (40) ആണെന്ന് സ്ഥിരീകരിച്ചു.

ഭാര്യയെ സംശയിച്ച് പോലീസ്

റിപ്പോർട്ടുകൾ പ്രകാരം, നവംബർ 18-ന് രാഹുലിനെ കാണാനില്ലെന്ന് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇവരുടെ മൊഴികളിലെ വൈരുദ്ധ്യവും ആശയക്കുഴപ്പവുമാണ് പോലീസിന് സംശയമുണ്ടാക്കിയത്. തുടർന്ന് സാങ്കേതിക തെളിവുകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ റൂബി, കാമുകൻ ഗൗരവ്, മറ്റൊരാൾ എന്നിവരെ കസ്റ്റഡിയിലെടുത്തു.

രാഹുലും റൂബിയും വിവാഹിതരായിട്ട് 15 വർഷമായി. ഇവർക്ക് 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമുണ്ട്. കുട്ടികളുടെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. വീട്ടിൽ ഇടയ്ക്കിടെ മൂന്ന് പേർ വരാറുണ്ടെന്നും അവർ ചോക്ലേറ്റുകൾ കൊണ്ടുവരാറുണ്ടെന്നും മകൾ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ മകൾ, കൊലപാതകത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് പറഞ്ഞു.

വീടിനുള്ളിൽ നിന്ന് തെളിവുകൾ കണ്ടെടുത്തു

രാഹുലിനെ വീടിനുള്ളിൽ വെച്ചാണ് കൊലപ്പെടുത്തിയതെന്നും ശരീരം കഷ്ണങ്ങളാക്കിയതെന്നും ഫോറൻസിക് സംഘം വിശ്വസിക്കുന്നു. ഞായറാഴ്ച രാഹുലിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ കട്ടിലിന്റെ കാൽ, സ്കൂട്ടർ, ബാഗ്, ടോയ്‌ലറ്റ് ബ്രഷ്, ഇരുമ്പ് ദണ്ഡ്, ഇലക്ട്രിക് ഹീറ്റർ തുടങ്ങിയവ പോലീസ് കണ്ടെടുത്തു.

ഈ വർഷം ആദ്യം മീററ്റിൽ നടന്ന ക്രൂരമായ “ബ്ലൂ ഡ്രം” കൊലപാതകക്കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കൃത്യം ചെയ്തതെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകത്തിന്റെ ഭീകരത പ്രദേശവാസികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. രാഹുലിന്റെ തലയുൾപ്പെടെയുള്ള ചില ശരീരഭാഗങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.