മദ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് ലോട്ടറി തൊഴിലാളിയായ തങ്കരാജിൻ്റെ മരണം സംഭവിച്ചത്.
കഴിഞ്ഞ 24 ന് വൈകീട്ടായിരുന്നു അപകടം. സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. രാത്രി എംസി റോഡിൽ നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം. സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ അപകടമുണ്ടാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
സംഭവത്തിൽ ചിങ്ങവനം പൊലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അമിത വേഗതയിലെത്തിയ സിദ്ധാർത്ഥിന്റെ വാഹനമിടിച്ചാണ് ലോട്ടറി വില്‍പ്പനക്കാരനായ തങ്കരാജിന് പരിക്കേറ്റത്. ഉടൻ തന്നെ തങ്കരാജിനെ ആശുപത്രിയിലെത്തിച്ചിരുന്നു.
അപകടത്തിന് പിന്നാലെ ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ത്ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.




