ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ തിളച്ച കടലക്കറിപ്പാത്രത്തില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. ദുദ്ധി ബസാര്‍ പ്രദേശത്ത് തെരുവ്‌ഭക്ഷണശാല നടത്തുന്ന ശൈലലേന്ദ്ര എന്നയാളുടെ മകള്‍ പ്രിയ ആണു മരിച്ചത്. സമാനമായ ദുരന്തത്തിലാണ് ഇദ്ദേഹത്തിന്റെ മൂത്ത മകളെയും നഷ്‌ടപ്പെട്ടത്.
തിളയ്ക്കുന്ന കടലയുടെ പാനിൽ വീണ് 80% ത്തിലധികം പൊള്ളലേറ്റു കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
രണ്ടു വര്‍ഷം മുമ്പ് പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തില്‍ വീണാണ് കുട്ടിയുടെ മൂത്ത സഹോദരി മരിച്ചത്. ഈ ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നു മോചിതരാകുംമുമ്പ് കുടുംബത്തെ തേടി സമാനമായ ദുരന്തമെത്തിയത്. വെള്ളിയാഴ്‌ച രാവിലെ ഒമ്പതു മണിയോടെയാണു കുട്ടി കടല വേവിക്കുന്ന പാത്രത്തില്‍ വീണത്.
ശൈലേന്ദ്രയുടെ ഭാര്യ ഭക്ഷണശാലയിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ചൂടുള്ള കടലയുടെ പാനിൽ അബദ്ധത്തില്‍ വീണത്. ഉടന്‍തന്നെ കുട്ടിയെ സമീപത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കായി കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
“രണ്ട് വർഷം മുമ്പ് സമാനമായ ഒരു ദാരുണമായ അപകടത്തിൽ എനിക്ക് എന്റെ മൂത്ത മകളെ നഷ്ടപ്പെട്ടു. എന്റെ കുട്ടികളായിരുന്നു എന്റെ ലോകം. ഇപ്പോൾ രണ്ടുപേരും പോയി.” കണ്ണീരോടെ ശൈലേന്ദ്ര പറഞ്ഞു. പ്രിയയുടെ മരണവാർത്ത കേട്ടപ്പോൾ, മാതാപിതാക്കൾ ഇരുവരും ബോധരഹിതരായി.




