Crime

‘മുഖം എല്ലാവരും കാണും, ബുര്‍ഖ ധരിച്ചില്ല’; ആധാര്‍ എടുക്കുന്നത് വിലക്കി, ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊന്നു കുഴിച്ചിട്ട യുവാവ്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബുര്‍ഖ ധരിക്കാത്തതിന്‌ ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവാവ്‌ പിടിയില്‍. ഷാംലി ജില്ലയിലെ ഘാരി ദൗലത്ത്‌ സ്വദേശി ഫാറൂഖ്‌(33) ആണ്‌ അറസ്‌റ്റിലായത്‌.

ഭാര്യയും പെണ്‍മക്കളും ബുര്‍ഖ ധരിക്കാത്തതില്‍ പ്രകോപിതനായാണു പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നു പോലീസ്‌ പറഞ്ഞു. ആധാര്‍ കാര്‍ഡിനായി ഫൊട്ടോയെടുത്താല്‍ മുഖം മറ്റുള്ളവര്‍ കാണുമെന്നതിനാലാണ് ഫറൂഖ് ഇങ്ങനെ ചെയ്തതെന്നും ഭാര്യ താഹിറയുടെ മുഖം മറ്റാരും കാണേണ്ടതില്ലെന്നും ഫറൂഖ് വാശി പിടിച്ചതായും പൊലീസ് പറയുന്നു. ഫൊട്ടോ ആവശ്യമുള്ള തിരിച്ചറിയല്‍ രേഖകളൊന്നും വേണ്ടെന്നായിരുന്നു ഫറൂഖ് പറഞ്ഞിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി.

ഈ മാസം 10-നു കാന്‍ധല പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ഘാരി ദൗലത്ത്‌ ഗ്രാമത്തിലാണു സംഭവം. എന്നാല്‍, ഒരാഴ്‌യ്‌ക്കുശേഷമാണ്‌ പോലീസിന്‌ ഇതുസംബന്ധിച്ച വിവരം ലഭിച്ചത്‌. ഫാറൂഖിന്റെ ഭാര്യ താഹിറ, മക്കളായ അഫ്രീന്‍, സെഹ്‌റിന്‍ എന്നിവരാണു കൊല്ലപ്പെട്ടത്‌. കുടുംബ വഴക്കിനെത്തുര്‍ന്ന്‌ താഹിറ സ്വന്തം വീട്ടിലേക്കു പോയിരുന്നു. എന്നാല്‍, പര്‍ദയോ ബുര്‍ഖയോ ധരിക്കാതെയാണ്‌ താഹിറ പോയത്‌. ഇത്‌ ഫാറൂഖിനെ പ്രകോപിപ്പിച്ചെന്നു പോലീസ്‌ പറഞ്ഞു. താഹിറ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇതേച്ചൊല്ലി ഫാറൂഖുമായി വഴക്കുണ്ടായി. ഇതേത്തുര്‍ന്നാണു കൂട്ടക്കൊല നടന്നതെന്നാണു പോലീസ്‌ പറയുന്നത്‌.

താഹിറയെയും മക്കളെയും കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഫാറൂഖിന്റെ പിതാവാണു പോലീസില്‍ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ നടത്തിയ ചോദ്യംചെയ്യലില്‍ ഫാറൂഖ്‌ കുറ്റം സമ്മതിക്കുകയായിരുന്നു. താഹിറയെയും മൂത്തമകള്‍ അഫ്രീനെയും വെടിവച്ചു കൊന്നതായും ഇളയമകള്‍ സെഹ്‌റിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായും ഇയാള്‍ പോലീസിനു മൊഴി നല്‍കി.
മൂന്നുപേരുടെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കുഴിച്ചിട്ടെന്നും പ്രതി സമ്മതിച്ചു. പോലീസ്‌ നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശൗചാലയത്തിനായി എടുത്തിരുന്ന കുഴിയിലായിരുന്നു മൃതദേഹങ്ങള്‍ മറവ്‌ ചെയ്‌തിരുന്നതെന്നു പോലീസ്‌ പറഞ്ഞു. പെണ്‍മക്കളില്‍ ഒരാളുടെ കണ്ണ്‌ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. രക്‌തംപുരണ്ട ഒരു മരക്കഷ്‌ണവും സംഭവസ്‌ഥലത്തുനിന്നു കണ്ടെത്തി. കുട്ടിയെ പ്രതി ഇതുപയോഗിച്ച്‌ ക്രൂരമായി മര്‍ദിച്ചെന്നാണു സംശയം.