Good News

പ്രണയത്തിന് കാലവും ദേശവുമില്ല; ഫത്തേപ്പൂര്‍കാരനായ ഹര്‍ദിക് വര്‍മ്മയ്ക്ക് വധു നെതര്‍ലന്റുകാരി ഗബ്രിയേല

പ്രണയത്തിന് കാലവും ദേശവുമില്ലെന്ന് പറയുന്നത് എത്രയോ ശരിയാണ്. അല്ലെങ്കില്‍ പിന്നെ ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ നിന്നുള്ള ഹാര്‍ദിക് വര്‍മ്മയ്ക്ക് നെതര്‍ലന്റ്കാരി ഗബ്രിയേല ദുഡ കാമുകിയായി മാറുന്നതെങ്ങിനെയാണ്. 21 കാരിയെ 32 കാരന്‍ വിവാഹം കഴിച്ചിരിക്കുകയാണ്. ദമ്പതികള്‍ ബുധനാഴ്ച ഹിന്ദു ആചാരപ്രകാരം വിവാഹിതരായി.

ഫത്തേപൂരിലെ ഒരു ഗ്രാമീണനായ ഹര്‍ദിക് ജോലിക്കായി നെതര്‍ലാന്‍ഡിലേക്ക് പോയിരുന്നു. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി അവിടെ ജോലിയും നേടി. ഇവിടെ വെച്ച് സഹപ്രവര്‍ത്തകയായ ഗബ്രിയേലയെ കണ്ടുമുട്ടുകയായിരുന്നു.ഇരുവരും കൂടുതല്‍ അടുക്കുകയും ഒടുവില്‍ ഹാര്‍ദിക് ഗബ്രിയേലയോട് പ്രണയം പ്രകടിപ്പിക്കുകയും ആയിരുന്നു. മൂന്ന് വര്‍ഷം ഒരുമിച്ച് താമസിച്ച ശേഷം ദമ്പതികള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തീരുമാനം അവര്‍ ഹാര്‍ദിക്കിന്റെ മാതാപിതാക്കളുമായി ഫോണില്‍ പങ്കുവച്ചു.

കഴിഞ്ഞയാഴ്ച ഗബ്രിയേലയ്‌ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയ ഹാര്‍ദിക്കിനെ വീട്ടുകാര്‍ ഊഷ്മളമായി സ്വാഗതം ചെയ്തു. ഗ്രാമവാസികളും കുടുംബാംഗങ്ങളും വിവാഹാഘോഷത്തില്‍ പങ്കെടുത്തു. ഡിസംബര്‍ മൂന്നിന് തന്റെ കുടുംബം ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പോകുമെന്ന് ഹാര്‍ദിക് പറഞ്ഞു. തറവാട്ടു വീട് അവിടെ ആയതിനാലാണ് ഫത്തേപൂരില്‍ വിവാഹം നടത്താന്‍ കാരണം.ഡിസംബര്‍ 11 ന് ഗാന്ധിനഗറില്‍ നടക്കുന്ന റിസപ്ഷനില്‍ ഗബ്രിയേലയുടെ പിതാവ് മാര്‍സിന്‍ ഡൂഡ, അമ്മ ബാര്‍ബറ ഡൂഡ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരും പങ്കെടുക്കും. ഇന്ത്യയിലെ ആഘോഷങ്ങള്‍ക്ക് ശേഷം ദമ്പതികള്‍ ഡിസംബര്‍ 25 ന് നെതര്‍ലാന്‍ഡിലേക്ക് മടങ്ങുമെന്നും അവിടെ ഒരു പള്ളിയില്‍ ക്രിസ്ത്യന്‍ വിവാഹ ചടങ്ങ് നടത്തുമെന്നും ഹാര്‍ദിക് പറഞ്ഞു.