ജൗൺപുർ (യുപി): ഉത്തർപ്രദേശിലെ ജൗൺപുരിൽ കാണാതായ വൃദ്ധദമ്പതികൾക്കായുള്ള തിരച്ചിൽ അവസാനിച്ചത് അത്യന്തം ക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചുകൊണ്ട്. അച്ഛന്റെ വാശിയും മകന്റെ രോഷവും എങ്ങനെ ഒരു വലിയ ദുരന്തത്തിൽ കലാശിച്ചു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം മാതാപിതാക്കളായ ശ്യാം ബഹാദൂറിനെയും (62) ബബിതയെയും (60) കൊലപ്പെടുത്തി, മൃതദേഹങ്ങൾ ഈർച്ചവാൾ കൊണ്ട് കഷ്ണങ്ങളാക്കി മുറിച്ച് പുഴയിലെറിഞ്ഞ സംഭവത്തിൽ എൻജിനീയറായ മകൻ അംബേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
അംബേഷിന്റെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ഭാര്യയെ വീട്ടിൽ സ്വീകരിക്കാൻ മാതാപിതാക്കൾ തയ്യാറാകാത്തതിനെ ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഒടുവിൽ ഭാര്യയുമായി വേർപിരിയാൻ അംബേഷ് തീരുമാനിക്കുകയും ഇതിനായി നഷ്ടപരിഹാരത്തുക (Alimony) ആവശ്യമായി വരികയും ചെയ്തു. പണത്തിനായി അച്ഛനെ സമീപിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇതേച്ചൊല്ലി ഡിസംബർ 8-നുണ്ടായ രൂക്ഷമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കാണാതായെന്ന പരാതി
ഡിസംബർ 13-ന് അംബേഷിന്റെ സഹോദരി വന്ദനയാണ് മാതാപിതാക്കളെയും സഹോദരനെയും കാണാനില്ലെന്ന് കാട്ടി സഫറാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഡിസംബർ 8-ന് അംബേഷ് തന്നെ വിളിച്ചിരുന്നുവെന്നും, വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിപ്പോയ മാതാപിതാക്കളെ തിരഞ്ഞുപോവുകയാണെന്ന് പറഞ്ഞതായും വന്ദന പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെ അംബേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ വന്ദനയ്ക്ക് പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല. അംബേഷിന്റെ ഫോൺ സംഭാഷണത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഒരാഴ്ചയ്ക്ക് ശേഷം പിടിയിലായ അംബേഷ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
മിശ്രവിവാഹവും തർക്കവും
റെയിൽവേയിൽ നിന്ന് വിരമിച്ച ശ്യാം ബഹാദൂറിനും ഭാര്യ ബബിതയ്ക്കും മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. അഞ്ച് വർഷം മുൻപാണ് അംബേഷ് ഒരു മുസ്ലിം യുവതിയെ വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം അംഗീകരിക്കാൻ മാതാപിതാക്കൾ തയ്യാറായില്ല. ഇവർക്ക് രണ്ട് കുട്ടികളുണ്ടായിട്ടും മരുമകളെ വീട്ടിൽ കയറ്റാൻ ശ്യാം ബഹാദൂർ സമ്മതിച്ചില്ല. ഭാര്യയെ ഉപേക്ഷിക്കാൻ അച്ഛൻ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി അംബേഷ് പോലീസിനോട് പറഞ്ഞു. ഒടുവിൽ ബന്ധം വേർപിരിയാമെന്ന് അംബേഷ് ഭാര്യയോട് പറയുകയും, നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നൽകാൻ അവർ ആവശ്യപ്പെടുകയും ചെയ്തു.
പണത്തെച്ചൊല്ലിയുള്ള തർക്കം, ഇരട്ടക്കൊലപാതകം
മാതാപിതാക്കളുടെ നിർബന്ധപ്രകാരം വിവാഹബന്ധം അവസാനിപ്പിക്കാൻ തയ്യാറായ അംബേഷിന് പണം നൽകാൻ അച്ഛൻ വിസമ്മതിച്ചതാണ് പ്രകോപനമായത്. ഡിസംബർ 8-ന് നടന്ന തർക്കത്തിനിടെ അംബേഷ് അമ്മ ബബിതയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചു. ബബിത വേദന കൊണ്ട് പുളയുന്നത് കണ്ട് അച്ഛൻ സഹായത്തിനായി നിലവിളിച്ചു. ഉടൻ തന്നെ അംബേഷ് അച്ഛനെയും പലതവണ തലയ്ക്കടിച്ചു വീഴ്ത്തി. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
തെളിവ് നശിപ്പിക്കാനുള്ള ശ്രമം
കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ ഒളിപ്പിക്കാൻ അംബേഷ് ശ്രമം തുടങ്ങി. വലിയ ബാഗുകൾ കിട്ടാത്തതിനെ തുടർന്ന് ഗാരേജിലുണ്ടായിരുന്ന ചെറിയ ചാക്കുകളിൽ മൃതദേഹം നിറയ്ക്കാനായി അവ കഷ്ണങ്ങളാക്കാൻ തീരുമാനിച്ചു. അവിടെയുണ്ടായിരുന്ന ഈർച്ചവാൾ ഉപയോഗിച്ച് മൃതദേഹങ്ങൾ ആറ് കഷ്ണങ്ങളാക്കി മുറിച്ച് ചാക്കുകളിലാക്കി കാറിന്റെ ഡിക്കിയിൽ വെച്ചു. പുലർച്ചെയോടെ ഇവ പുഴയിൽ ഉപേക്ഷിച്ചു. തുടർന്ന് സഹോദരിയെ വിളിച്ച് മാതാപിതാക്കൾ ഇറങ്ങിപ്പോയതാണെന്ന് നുണ പറഞ്ഞു.
കുറ്റസമ്മതം
കൊലപാതകത്തിന് ശേഷം ആറുദിവസത്തോളം അംബേഷ് ഒളിവിൽ കഴിഞ്ഞു. ഡിസംബർ 14-ന് തിരികെ ജൗൺപുരിൽ എത്തിയപ്പോൾ സഹോദരിമാരും ബന്ധുക്കളും മാതാപിതാക്കളെക്കുറിച്ച് ചോദിച്ചെങ്കിലും അവൻ ഒഴിഞ്ഞുമാറി. സംശയം തോന്നിയ അവർ പോലീസിനെ വിളിക്കുകയായിരുന്നു. ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അംബേഷ് ക്രൂരകൃത്യം തുറന്നുപറഞ്ഞു.
ശ്യാം ബഹാദൂറിന്റെ മൃതദേഹത്തിന്റെ ഒരു ഭാഗം പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച അമ്മിക്കല്ലും ഈർച്ചവാളും കണ്ടെടുത്തിട്ടുണ്ട്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ബാക്കി ശരീരഭാഗങ്ങൾക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണെന്ന് അഡീഷണൽ എസ്പി ആയുഷ് ശ്രീവാസ്തവ അറിയിച്ചു.




