ജലദോഷത്തിന് ചികില്‍സ തേടിയെത്തിയ അഞ്ചുവയസുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍. ഉത്തര്‍പ്രദേശിലെ ജലൗണിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഡോക്ടറെ സ്ഥലം മാറ്റി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
കുട്ടിയുടെ ചുണ്ടിലേയ്ക്ക് ഡോക്ടര്‍ സിഗരറ്റ് വച്ച് നല്‍കുന്നതും അതിന് തീ കൊളുത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സിഗരറ്റ് കത്തിച്ച് കൊടുത്തശേഷം പുകയെടുക്കേണ്ടത് എങ്ങനെയാണെന്നുകൂടി ഡോക്ടര്‍ ക്ലാസ് എടുക്കുന്നുണ്ട്. കുട്ടി വലിച്ചപ്പോള്‍ പുക വരുന്നത് ശരിയായ രീതിയിലല്ലെന്ന് പറഞ്ഞ് സിഗരറ്റ് വാങ്ങി ഡോക്ടര്‍ വലിച്ച് കാണിക്കുന്നുമുണ്ട്.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കുത്തൗണ്ടിലെ പ്രധാന ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ സുരേഷ് ചന്ദ്രയെ സ്ഥലം മാറ്റി. ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും സിഎംഒ നരേന്ദ്ര ദേവ് ശര്‍മ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മതിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ മാര്‍ച്ച് 28ന് മെഡിക്കല്‍ ഓഫിസര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഒരു മാസം മുന്‍പ് നടന്ന സംഭവമാണിതെന്ന് കണ്ടെത്തിയെന്നും ആരോപണവിധേയനായ ഡോക്ടറെ ഉടനടി തന്നെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. അഡീഷണൽ സിഎംഒ ഡോ. എസ്ഡി ചൗധരിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അദ്ദേഹം വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.