Crime

വിനോദസഞ്ചാരികള്‍ക്ക് നേരെ പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണം: 3പേര്‍ക്ക് ഗുരുതരപരുക്ക്, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ പുള്ളിപുലിയുടെ അപ്രതീക്ഷിത ആക്രമണം. ആക്രമണത്തില്‍ സുഹൃത്തുക്കളായ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പിക്നിക് ആസ്വദിക്കുകയായിരുന്ന ഒരു കൂട്ടം ആളുകള്‍ക്ക് നേരെയാണ് പുള്ളിപ്പുലി ആക്രമണം അഴിച്ചുവിട്ടത്. ഷാഹ്‌ദോള്‍ ജില്ലയിലെ ഗോഹ്പാരു, ജയ്ത്പൂര്‍ വനമേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ആക്രമണത്തില്‍ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറിനും , 23 വയസ്സുള്ള ഒരു യുവാവിനും 25 വയസ്സുള്ള ഒരു യുവതിക്കുമാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പുള്ളിപ്പുലി ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു.

പരിക്കേറ്റ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നിതിന്‍ സംദാരിയ, 23-കാരനായ ആകാശ് കുഷ്വാഹ, 25-കാരി നന്ദിനി സിംഗ് എന്നിവര്‍ ഗോഹ്പാരു, ജയ്ത്പൂര്‍ വനങ്ങളിലെ ഒരു സ്ഥലത്ത് വിനോദയാത്രയ്ക്കെത്തിയവരാണ്. 50-60 പേരോളം അടങ്ങുന്ന സംഘത്തിനൊപ്പമാണ് ഇവര്‍ യാത്രക്ക് എത്തിയത്. എന്നാല്‍ പുള്ളിപുലിയുടെ ആക്രമണം നേരിട്ടത്തോടെ പിക്‌നിക്കിന്റെ അന്തരീക്ഷം മാറിമറിയുകയായിരുന്നു.

ആകാശിന്റെ തുടയിലും കാലിലുമാണ് പുള്ളിപുലി കടിച്ചതെങ്കില്‍ നന്ദിനിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. , ആഘാതത്തില്‍ തലയോട്ടി പൊട്ടിയതായിട്ടാണ് സൂചന.
. സംഭവത്തില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റത് നന്ദിനിക്കാണ്. സംഭവത്തിന് ശേഷം പുലി സംഭവസ്ഥലത്ത് നിന്ന് ഓടി കാട്ടിലേക്ക് മറഞ്ഞു. പരിക്കേറ്റവരെ മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.