Lifestyle

‘വേദന സഹിക്കാനാകുന്നില്ല’; ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിയെ സമീപിച്ച് അധ്യാപിക

‘ഈ വേദന സഹിക്കാനാകുന്നില്ല, ദയവായി ദയാവധത്തിന് അനുമതി നല്‍കണം’- മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിനിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായുമായ കുമാരി ചന്ദ്രകാന്ത ജെഠാനിയാണ് ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഹര്‍ജി സമര്‍പ്പിച്ചത്. ശരീരം തളര്‍ന്ന ചന്ദ്രകാന്തയുടെ ജീവിതം ഇപ്പോള്‍ വീല്‍ചെയറിലാണ്.

ജീവിക്കാന്‍വേണ്ടി വീൽചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്. എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജോലി കടുത്ത വേദനയും ബുദ്ധിമുട്ടുമാണുണ്ടാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ദയാവധത്തിന് അനുമതി തേടി ഇവര്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ശാരീരിക പരിമിതികളുണ്ടെങ്കിലും അതിനെ അതിജീവിക്കുംവിധത്തിലുള്ള സദ്പ്രവൃത്തികളും ചന്ദ്രകാന്തയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. തന്റെ സ്വത്തുവകകള്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സംഭാവന ചെയ്ത ഇവര്‍, മരണാനന്തരം അവയവദാനത്തിനും മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുകൊടുക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

ഒരിക്കല്‍ ആശുപത്രിവാസത്തിനിടെ തെറ്റായ മരുന്ന് സ്വീകരിക്കേണ്ടിവന്നതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും ചന്ദ്രകാന്ത പറയുന്നു. ശാരീരികനില മോശമാണെന്നും സര്‍ക്കാരില്‍നിന്നും സംവിധാനങ്ങളില്‍നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ജീവിതം ദുസ്സഹമായതിനാലാണ് താന്‍ ദയാവധത്തിന് അനുമതി തേടുന്നതെന്നും അവര്‍, രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.