ഒരാള്‍ കാണുന്ന സ്വപ്നത്തിലെ മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്താനായാല്‍ എന്തൊരു അത്ഭുതലോകമാകും അത് സൃഷ്ടിക്കുക. സ്വപ്നത്തില്‍ കാമുകന് കാമുകിയോട് സല്ലപിക്കാം, പ്രിയപ്പെട്ടവരുമായി സംവദിക്കാം… അങ്ങനെയെന്തൊക്കെ…..
രണ്ട് ആളുകള്‍ തമ്മില്‍ സ്വപ്നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? ഒരുപാടുകാലമായി ശാസ്ത്രലോകം തേടികൊണ്ടിരുന്ന ഈ സാധ്യതയില്‍ വന്‍വഴിത്തിരിവ്. ലുസിഡ് ഡ്രീമിങ് എന്ന സ്വപന്ഘട്ടത്തിലായിരുന്നു രണ്ട്പേര്‍ തമ്മില്‍ ആശയവിനിമയം സാധ്യമായതെന്ന് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ആര്‍ഇഎം സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഗവേഷണം സാധ്യമാക്കിയത്. ഉറക്കം മെച്ചപ്പെടുത്തല്‍, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്ന കമ്പനിയാണ് ഇത്. കഴിഞ്ഞമാസം നടന്ന ഗവേഷണത്തില്‍ ലൂസിഡ് ഡ്രീമിങ് എന്ന പ്രക്രിയയിൽ പരിചയമുള്ള രണ്ടുപേരെയാണ് പങ്കെടുപ്പിച്ചത്. റാപ്പിഡ് ഐ മൂവ്‌മെന്റ് അഥവാ റെം എന്ന ഉറക്കഘട്ടത്തിലാണ് ലൂസിഡ് ഡ്രീമിങ് സംഭവിക്കുന്നത്.
പ്രത്യേക തരത്തിലുള്ള ഉപകരണങ്ങളും സെര്‍വറുകളും ഇയര്‍ബഡുകളുമൊക്കെ ഉപയോഗിച്ചായിരുന്നു ആര്‍ഇഎംസ്പേസിന്റെ ഗവേഷണം നടന്നത്. ലുസിഡ് ഡ്രീമിങ് ഘട്ടത്തില്‍ പങ്കെടുത്തവരിലേക്ക് വാക്കുകള്‍ കടത്തിവിട്ടാണ് ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഗവേഷകര്‍ പരിശോധിച്ചത്.
പങ്കെടുത്തവരുടെ ബ്രെയിന്‍ വേവുകളും അളക്കാനായുള്ള പ്രത്യേക സംവിധാനങ്ങളും പരീക്ഷണത്തില്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഗവേഷണം പൂര്‍ണമായും വിജയമാണോയെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടില്ല. വിജയമായാല്‍ മനുഷ്യന്റെ ബോധ-ഉപബോധ-അബോധ അവസ്ഥകളെപ്പറ്റിയൊക്കെ സമഗ്രമായ പഠനത്തിനു വഴിയൊരുക്കുന്നതില്‍ നിര്‍ണായകമായി മാറും ഈ ഗവേഷണം.