കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ.ടി വ്യവസായിക്കെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ലിറ്റ്മസ് സെവന് ഐ.ടി സ്ഥാപനത്തിന്റെ സി.ഇ.ഒ: വേണു ഗോപാലകൃഷ്ണനെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തത്.
വേണു ഗോപാലകൃഷ്ണന് തൊഴിലിടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്കടക്കം യുവതി പരാതി നല്കി. എന്നാല്‍, പണം തട്ടാനുള്ള ശ്രമം പാളിയതിനേ തുടര്‍ന്നാണ് സി.ഇ.ഒക്കും കമ്പനിക്കുമെതിരേ യുവതി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണു മറുപക്ഷത്തിന്റെ വാദം. ഒന്നരവര്‍ഷം വേണു ഗോപാലകൃഷ്ണന്റെ എക്സിക്യൂട്ടിവ് അസിസ്റ്റാന്റായിരുന്ന യുവതി കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ നല്കിയ പരാതിയെ തുടര്‍ന്നു ഹണി ട്രാപ്പ് കേസില്‍ പ്രതിയായത്.
ഭര്‍ത്താവിനെ രണ്ടാം പ്രതിയുമാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങിയ യുവതി തുടര്‍ന്ന് സി.ഇ.ഒ.യ്ക്കെതിരേ പരാതി നല്‍കുകയായിരുന്നു. സൈബര്‍ തെളിവുകളടക്കം കൈവശമുണ്ടെന്നും യുവതി പറഞ്ഞു. സി.ഇ.ഒ. അമിതമായ ലൈംഗികാസക്തി കാട്ടി, രാത്രികളില്‍ അശ്ലീല വീഡിയോകള്‍ അയച്ചുതന്നു, മൂന്നു പേരുമായി സെക്സിന് നിര്‍ബന്ധിച്ചു എന്നിങ്ങനെ പോകുന്നു പരാതിയിലെ ആരോപണങ്ങള്‍.
ഉച്ചഭക്ഷണം പോലും അദ്ദേഹത്തോടൊപ്പം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയുണ്ടായിരുന്നു. മറ്റ് ജീവനക്കാരുമായി സംസാരിക്കുന്നതും വിലക്കി. അവധിക്കാല യാത്രക്കായി യു.എസില്‍ പോയപ്പോഴും പിന്നീടും മോശമായി മെസേജുകള്‍ അയച്ചു. സഹകരിക്കണെന്ന വിധത്തില്‍ സംസാരിച്ചു. നിരസിച്ചപ്പോള്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തെന്നും പരാതിയില്‍ പറയുന്നു. കാക്കനാടുള്ള അപ്പാര്‍ട്മെന്റിലേക്കു ക്ഷണിച്ചു. ഓഫീസ് മീറ്റിങ്ങുമായി ബന്ധപ്പെട്ടു സിംഗപ്പൂരിലേക്കു പോകുന്നവരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി. വിമാനയാത്രയില്‍ വച്ചു ലൈംഗികാതിക്രമം ഉണ്ടായി. സിംഗപ്പൂരില്‍ ബലാത്സംഗത്തിനു ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.




