ടൗണ്‍ സെന്ററില്‍ പിടിച്ചെടുത്ത ടണ്‍ കണക്കിന് കഞ്ചാവ് പോലീസ് കത്തിച്ചതിനെത്തുടര്‍ന്ന് തുര്‍ക്കിയിലെ ദിയാര്‍ബക്കര്‍ പ്രവിശ്യയിലെ ഒരു പട്ടണമായ ലൈസിലെ 25,000 നിവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍. ഒരു നാര്‍ക്കോട്ടിക് ഓപ്പറേഷനിലൂടെ പിടിച്ചെടുത്ത കഞ്ചാവ് ഏപ്രില്‍ 18 നായിരുന്നു തുര്‍ക്കി അധികൃതര്‍ കത്തിച്ചത്. ഇത് പ്രദേശത്തെ വായു കട്ടിയുള്ള പുക കൊണ്ട് കറയുള്ളതായി മാറുകയും പുക ശ്വസിച്ച് പ്രദേശത്തുള്ളവര്‍ക്ക് തലകറക്കം, ഓക്കാനം, ഭ്രമാത്മകത എന്നിവ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും, ആളുകള്‍ക്ക് അവരുടെ ജനാലകള്‍ തുറന്നിടാന്‍ കഴിയാതെ വന്നിരുന്നു. പലരും മത്തുപിടിക്കുമെന്നും മന്ദതയുണ്ടാകുമെന്നും ഭയന്ന് ജനാലകള്‍ അടച്ചിടുകയും പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ചെയ്തു. കത്തിച്ചുകളഞ്ഞത് ഏകദേശം 26 കോടി രൂപ (10 ബില്യണ്‍ ടര്‍ക്കിഷ് ലിറ) യുടെ കഞ്ചാവായിരുന്നു. കഞ്ചാവ് 20 ടണ്‍ 766 കിലോ 679 ഗ്രാം ഭാരമുള്ളതായിരുന്നു.
2023 ലും 2024 ലും ദിയാര്‍ബക്കര്‍ പ്രവിശ്യയില്‍ നിന്ന് പിടിച്ചെടുത്തതായിരുന്നു ഇത്. ദിവസങ്ങളായി ജില്ലയില്‍ മയക്കുമരുന്നിന്റെ ഗന്ധം കാരണം വലയുകയാണെന്ന് ആള്‍ക്കാര്‍ പരാതിപ്പെടുകയും ചെയ്തു. കുട്ടികള്‍ക്ക് അസുഖംവന്ന് നിരന്തരം ആശുപത്രിയില്‍ പോകുന്നു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ അധികാരികള്‍ കൈവരിച്ച വിജയം പ്രധാനമാണെങ്കിലും കഞ്ചാവ് നശിപ്പിച്ച രീതി തെറ്റാണെന്ന് വിമര്‍ശനമുണ്ട്. പുക പ്രാദേശിക ജനതയെ ബാധിക്കാതിരിക്കാന്‍ ഫില്‍ട്ടര്‍ ചെയ്ത ചിമ്മിനികളില്‍ കത്തിക്കാനാണ് ശുപാര്‍ശ.